കാറപകടത്തില്‍ മരിച്ച ലിവര്‍പൂളിന്‍റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്രേ സില്‍വയ്ക്കും യാത്രാമൊഴി. മൃതദേഹം ജന്‍മനാട്ടില്‍ സംസ്കരിച്ചു. പോര്‍ച്ചുഗീസ് – ലിവര്‍പൂള്‍ താരങ്ങള്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. 

ലോകത്തിന്‍റെയാകെ വേദനയായി പോര്‍ച്ചുഗലിലെ ഗോണ്ടോമര്‍ ഗ്രാമം. വിലപയാത്രയില്‍ ജോട്ടയ്ക്കും ആന്ദ്രേയ്ക്കും അകമ്പടിയായി സഹതാരങ്ങള്‍. ശവമഞ്ചമേന്തിയവരില്‍ ജോട്ടയുടെ ഉറ്റസുഹൃത്തും പോര്‍ച്ചുഗീസ് ടീമിലെ സഹതാരവുമായ റൂബന്‍ നെവസും ഉണ്ടായിരുന്നു. 

ലിവര്‍പൂള്‍ താരങ്ങള്‍ ഇരുവരുടെയും ജേഴ്സി നമ്പര്‍ ഉള്‍പ്പെടുന്ന റീത്ത് സമര്‍പ്പിച്ചു. ലിവര്‍പൂളിന്‍റെയും പോര്‍ച്ചുഗലിന്‍റെയും പരിശീലകരും ജോട്ടയ്ക്ക് യാത്രാമൊഴിയേകാനെത്തി. ‌ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്രാമധ്യേയാണ് ജോട്ടയും സഹോദരനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്.