Image Credit: PTI
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചെന്ന് ആര്‍സിബി താരം യഷ് ദയാലിനെതിരെ പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് ഓണ്‍ലൈന്‍ ആയാണ് യുവതി പരാതി സമര്‍പ്പിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി താനും യഷുമായി പ്രണയത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ക്കുള്‍പ്പടെ ഭാവി വധുവെന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും യുവതി പറയുന്നു. മാനസികമായും ശാരീരികമായും വൈകാരികമായും തന്നെ ഉപയോഗിച്ച ശേഷം യഷ് കയ്യൊഴിഞ്ഞുവെന്നും നിരവധി സ്ത്രീകളുമായി സമാനബന്ധങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരസ്ത്രീ ബന്ധങ്ങള്‍ ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിച്ചുവെന്നും 27കാരി വ്യക്തമാക്കുന്നു. യഷിന്‍റെ കുടുംബവും തന്നെ മരുമകളെ പോലെയാണ് കണ്ടിരുന്നതെന്നും ഇപ്പോള്‍ ആരും സഹായത്തിനില്ലെന്നും യുവതി പറയുന്നു.
യഷുമായി ബന്ധമുണ്ടായിരുന്നതിന് തെളിവായി ചാറ്റുകളും സ്ക്രീന്‍ഷോട്ടുകളും, വിഡിയോ കോള്‍ വിവരങ്ങളും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും യുവതി കൈമാറി. നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകണമെന്നും നീതി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ ഐപിഎല്‍ ജേതാക്കളായ ആര്‍സിബി ടീമില്‍ യഷും അംഗമായിരുന്നു. 15 കളികളില്‍ നിന്നായി 13 വിക്കറ്റുകളാണ് യഷ് ടീമിനായി നേടിയത്. ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന താരം ഇതുവരെ ഇന്ത്യയ്ക്കായി അരങ്ങേറിയിട്ടില്ല.