രോഹിത് ശർമ്മയ്ക്കൊപ്പം പങ്കിട്ട ഹോട്ടല്‍ മുറിയിലേക്ക് കാമുകിയെ ഒളിച്ചുകടത്തിയ ഓര്‍മകള്‍ പങ്കിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 2006-ല്‍ ഇന്ത്യ എ ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഒരു പെണ്‍കുട്ടിയോട് ശക്തമായ പ്രണയം തോന്നിയ സമയത്തെക്കുറിച്ച് 'ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ' എന്ന ഓർമ്മക്കുറിപ്പിലാണ് ശിഖര്‍ ധവാന്‍ ഓര്‍മകള്‍ പങ്കുവെച്ചത്. രോഹിത് ശർമ്മയുമായി താൻ പങ്കിട്ട ഹോട്ടൽ മുറിയിലേക്ക് പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്നതിനെക്കുറിച്ചാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.
‘ഓസ്‌ട്രേലിയൻ പര്യടനത്തിലുടനീളം ടീമിനുള്ളിൽ ആ പെണ്‍കുട്ടിയുമായുള്ള ബന്ധം ചര്‍ച്ചാവിഷയമായി മാറിയിരുന്നു. പര്യടനത്തിനായി ഡാർവിനിൽ വന്നിറങ്ങിയ നിമിഷം, ഇമിഗ്രേഷൻ ക്യൂവിൽ വച്ചാണ് സുന്ദരിയായ അവളെ ആദ്യമായി കണ്ടത്. അവള്‍ക്ക് നല്ല ഉയരവും മൂര്‍ച്ചയുള്ള നോട്ടവുമായിരുന്നു. ഞാന്‍ അവളെ നോക്കി പുഞ്ചിരിച്ചു, അവള്‍ തിരിച്ചും. ലഗേജ് എടുക്കാനായി അവളുടെ അരികിൽ നിന്നു. തുടർന്ന് അവളുമായി കുറച്ചുനേരം സംസാരിച്ചു. അധികം താമസിയാതെ ഫോൺ നമ്പറുകൾ കൈമാറി’ പെട്ടെന്ന് ആ സുന്ദരിയുമായി താന്‍ പ്രണയത്തിലായെന്നും ശിഖര്‍ ധവാന്‍ വെളിപ്പെടുത്തി.
'എനിക്കുള്ളത് അവളാണ്, ഞാൻ അവളെ വിവാഹം കഴിക്കാൻ പോകുന്നു’ എന്ന് താന്‍ മനസ്സിൽ കരുതിയെന്നും ഓരോ മത്സരത്തിനു ശേഷവും താന്‍ അവളെ കാണാൻ പോകുമായിരുന്നു എന്നും ശിഖര്‍ ധവാന്‍ പറയുന്നു. താമസിയാതെ അവളെ താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു. ആ മുറി രോഹിത് ശര്‍മയുമായി ആണ് പങ്കിട്ടിരുന്നത്. ‘‘അവന്‍ ഇടയ്ക്കിടെ എന്നോട് ഹിന്ദിയില്‍ പരാതി പറയും. 'നീ എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കുമോ?' എന്ന് ചോദിക്കും. ഒരു ദിവസം വൈകുന്നേരം ഞാന്‍ അവള്‍ക്കൊപ്പ അത്താഴത്തിന് പോകുമ്പോള്‍ ഈ വാര്‍ത്ത ടീം അംഗങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഞങ്ങളോടൊപ്പം ടൂറിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന ദേശീയ സെലക്ടര്‍ ഞങ്ങള്‍ രണ്ടുപേരും ഹോട്ടല്‍ ലോബിയില്‍ കൈ കോര്‍ത്ത് നടക്കുന്നത് കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്‍റെ കാഴ്ച്ചപ്പാടില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല.’ ധവാൻ കൂട്ടിച്ചേർത്തു.
ആ ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിൽ, സീനിയർ ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമായിരുന്നുവെന്നും പക്ഷേ തന്‍റെ പ്രകടനം ഇടിഞ്ഞുകൊണ്ടിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013, 2017 ചാംപ്യന്‍സ് ട്രോഫികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശിഖര്‍ ധവാന്‍ 2019 ഏകദിന ലോകകപ്പിൽ പോലും മികച്ച തുടക്കം കുറിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ഇന്ത്യന്‍ വംശജയും ഓസ്‌ട്രേലിയയ്ക്കാരിയുമായ ആയേഷ മുഖര്‍ജിയെയായിരുന്നു പിന്നീട് ശിഖര്‍ ധവാന്‍ വിവാഹം ചെയ്തത്. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.