കൂട്ടുകാരിയായിരുന്ന നതാഷയുമായി പിരിഞ്ഞശേഷം ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഡേറ്റിങ് ലൈഫും പ്രണയവുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഏറ്റവും ഒടുവില്‍ നടി ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങിലാണെന്നും കിംവദന്തികള്‍ പ്രചരിക്കുകയുണ്ടായി. ഒടുവില്‍ ഈ കിംവദന്തികള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഇഷ തന്നെ.
താനും ഹാര്‍ദികും പരസ്പരം സംസാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ അത് ഒരിക്കലും സീരിയസായ ഒരു ബന്ധമായിട്ട് മാറിയിട്ടില്ലായിരുവെന്നും ഇഷ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണന്റെ യൂട്യൂബ് ചാനലിലെ സംഭാഷണത്തിലായിരുന്നു ഇഷയുടെ മറുപടി. കോഫി വിത്ത് കരൺ എന്ന പരിപാടിയിലെ ഹാർദിക്കിന്റെ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ഇഷ ഗുപ്ത പ്രതികരിച്ചു.
‘ഞങ്ങൾ ഡേറ്റിംഗിലായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ കുറച്ച് മാസങ്ങളായി സംസാരിക്കുന്നുണ്ടായിരുന്നു. അത് സംഭവിക്കാം, സംഭവിക്കില്ല എന്ന ഘട്ടത്തിലായിരുന്നു ഞങ്ങൾ. എന്നാല്‍ ഞങ്ങൾ ഡേറ്റിങില്‍ എത്തുന്നതിനു മുമ്പുതന്നെ അത് അവസാനിച്ചു. അത് ഡേറ്റിങ് ആയിരുന്നില്ല. ഞങ്ങൾ ഒന്നോ രണ്ടോ തവണ കണ്ടുമുട്ടി എന്നുമാത്രം. ഞാൻ പറഞ്ഞതുപോലെ, രണ്ട് മാസം മാത്രമായിരുന്നു അത്. പിന്നീട് അത് അവസാനിച്ചു’ ഇഷ പറഞ്ഞു.
മുന്‍പ് കോഫി വിത്ത് കരൺ എന്ന പരിപാടിയിലെ ഹാർദിക്കിന്റെ അഭിപ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും ഇഷ പ്രതികരിച്ചു. തങ്ങള്‍ തമ്മില്‍ ഇപ്പോൾ ബന്ധമില്ലാത്തതിനാല്‍ അത് തന്നെ ബാധിക്കുന്നില്ലെന്ന് ഇഷ വ്യക്തമാക്കി. 2019 ൽ സംപ്രേഷണം ചെയ്ത എപ്പിസോഡിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുത്തത്. ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തുകയും ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരിൽ പരസ്യമായി അതിനെ വിമർശിച്ച ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളായിരുന്നു ഇഷ.