റാഫേല്‍ നദാല്‍ യുഗത്തിന് ശേഷമുള്ള ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസിന് നാളെ തുടക്കം. ഇറ്റലിയുടെ യാനിക് സിന്നറിനും സ്പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിനുമാണ് കിരീടസാധ്യത കല്‍പിക്കുന്നത്. മോശം ഫോമിലെങ്കിലും ഇരുപത്തഞ്ചാം ഗ്രാന്‍സ്ലാം ലക്ഷ്യമിടുന്ന നൊവാക് ജോക്കോവിച്ചിനെയും എഴുതിതള്ളാനാകില്ല.
കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്റെ അഭാവത്തില്‍ രണ്ടുപതിറ്റാണ്ടിന് ശേഷമുള്ള ആദ്യ കിരീടപ്പോരാട്ടം. നദാല്‍ പടിയിറങ്ങിയ വര്‍ഷം തന്നെ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേടിയ കാര്‍ലോസ് അല്‍ക്കരാസാണ് ഇക്കുറിയും സാധ്യതകളില്‍ മുന്നില്‍. മോണ്ടികാര്‍ലോ കിരീടം നേടിയ അല്‍ക്കരാസ് സിന്നറിനെ വീഴ്ത്തി റോമിലും ചാംപ്യനായി.
ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ താരം സിന്നര്‍ മൂന്നുമാസത്തെ വിലക്കിന് ശേഷമാണ് മടങ്ങിയെത്തുന്നത്. എതിരാളികളെ വിറപ്പിക്കുന്ന സിന്നര്‍ അല്‍ക്കരാസിന് മുന്നില്‍ വിറയ്ക്കുന്ന പതിവാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 38ാം പിറന്നാള്‍ ആഘോഷിച്ച നൊവാക് ജോക്കോവിച്ച് 2023 മുതല്‍ 25ാം ഗ്രാന്‍സ്ലാമിനുള്ള കാത്തിരിപ്പിലാണ്.
മോണ്ടികാര്‍ലോയിലും മഡ്രിലും ആദ്യറൗണ്ടില്‍ തോറ്റുപുറത്തായ ജോക്കോവിച്ച് കരിയറിലെ ഏറ്റവും മോശം ഫോമിലാണ്. അലക്സാണ്ടര്‍ സ്വെരവ്, ഹോള്‍ഗെ റൂണ്‍, കാസ്പര്‍ റൂഡ്, ജാക്ക് ഡ്രേപ്പര്‍, ലൊറന്‍സൊ മുസെറ്റി തുടങ്ങിയവരും ഒരുകൈ നോക്കാന്‍ പാരിസിലുണ്ട്. റാഫേല്‍ നദാലിനെ ആദരിച്ചുകൊണ്ടാകും റോളാങ് ഗാരോസിലെ കോര്‍ട്ട് ഉണരുക.