ഇത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്സിയില്‍ ക്യാപ്റ്റന്‍ കെവിന്‍ ഡി ബ്രൂയിനയുടെ അവസാന മല്‍സരത്തില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബേണ്‍സ് മൗത്തിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ച സിറ്റി ഒരുമല്‍സരം ബാക്കിയിരിക്കെ പ്രീമിയര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തെത്തി. പത്തുവര്‍ഷത്തിനുശേഷം ക്ലബ് വിടുന്ന ഡിബ്രൂയിനയ്ക്ക് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ല്‍ വൈകാരിക യാത്രയയപ്പാണ് ടീം അംഗങ്ങളും ആരാധകരും നല്‍കിയത്.
ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ടീം അംഗങ്ങള്‍ പ്രിയതാരത്തെ വരവേറ്റത്. സ്റ്റേഡിയത്തില്‍ ഡിബ്രൂയിനയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ക്ലബ് അറിയിച്ചു. സിറ്റിക്കായി 421 മല്‍സരങ്ങളില്‍ നിന്നായി 108 ഗോളുകള്‍ നേടിയ ഡിബ്രൂയിനയുടെ നേതൃത്വത്തില്‍ ആറ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ഉള്‍പ്പെടെ 19 സുപ്രധാന കിരീടങ്ങളും സിറ്റി സ്വന്തമാക്കി.