‘ലയണല്‍ മെസിയും അര്‍ജന്‍റനീയും അടുത്ത ഒക്ടോബറില്‍ കേരളത്തില്‍ കളിക്കും’ കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ഈ പ്രഖ്യാപനം നടത്തിയിട്ട് മാസം ആറാകുന്നു. ഇതിനടയില്‍ പലതവണ മെസിയും സംഘവുമെത്തുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് മന്ത്രി നല്‍കുകയും ചെയ്തു. ഒടുവില്‍ ചൈനയിലും ഖത്തറിലുമായിരിക്കും ഒക്ടോബറില്‍ മെസിയും ടീമും കളിക്കുകയെന്ന് അര്‍ജന്‍റീനയിലെ വിശ്വസനീയ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് മന്ത്രി.
ഒക്ടോബറിലോ നവംബറിലോ മെസിയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമും കേരളത്തിലെത്തുമെന്നായിരുന്നു മന്ത്രി വി അബ്ദുറഹ്മാന്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത് നടക്കുമോയെന്നതിന് മന്ത്രിക്കും സ്പോണ്‍സര്‍ക്കും കൃത്യമായ ഉത്തരമില്ല. മെസിയും ടീമും വരാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍, ഇനി ബാക്കിയുളള നടപടികള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും വ്യക്തതയില്ലാതെ മെസി വരുമെന്ന വാചകമടി തുടരുകയാണ് മന്ത്രിയും സ്പോണ്‍സറും.
മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി സ്പോണ്‍സര്‍ രംഗത്തെത്തി. തിയ്യതി നിശ്ചയിക്കേണ്ടത് അര്‍ജന്‍റീന അസോസിയേഷനാണെന്നും അതിന് ശേഷമേ പണം അടക്കേണ്ടതുള്ളൂ എന്നാണ് വാദം. കുഴപ്പം ഞങ്ങളുടേതല്ല, അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റേതാണെന്ന് സാരം. തിയ്യതി നിശ്ചയിച്ച ശേഷം പണം നല്‍കിയാല്‍ മതിയെന്ന സ്പോണ്‍സറുടെ വാദത്തിന് വിരുദ്ധമാണ് മന്ത്രിയുടെ തുടര്‍ വിശദീകരണം. ഒരാഴ്ചക്കകം സ്പോണ്‍സര്‍ പണം നല്‍കുമെന്നും പിന്നാലെ തിയ്യതി പ്രഖ്യാപിക്കുമെന്നുമാണ് മന്ത്രി ഒടുവില്‍ പറഞ്ഞത്. ഇങ്ങനെ പരസ്പര വിരുദ്ധമായി മന്ത്രിയും സ്പോണ്‍സറും മുന്നോട്ട് പോകുമ്പോള്‍ അരാധകര്‍ മൂക്കത്ത് വിരല്‍വയ്ക്കുകയാണ്!