സ്പോൺസർ പിൻമാറിയതോടെ മെസി അടങ്ങുന്ന അർജൻറീന ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങി. കരാർ പ്രകാരമുള്ള തുക നിശ്ചയിച്ച തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും നല്‍കിയില്ല. ഇതോടെ അർജൻ്റീന ടീം കേരളം ചുമതലപ്പെടുത്തിയ സ്പോൺസർക്കെതിരെ നിയമനടപടി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അർജൻറീന ടീമുമായി നേരിട്ട് ഇടപെട്ട സംസ്ഥാന സർക്കാരിനും സ്പോൺസർ പിന്മാറ്റം അപമാനമായി.
മെസി അടങ്ങുന്ന അർജൻ്റീന ടീം എത്തുന്നത് വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കേരളം കാത്തിരുന്നത്. കരാർ പ്രകാരമുള്ള തുക സ്പോൺസർ അടച്ചിരുന്നുവെങ്കിൽ ഒക്ടോബറിലോ നവംബറിലോ മെസിയും ടീമും കേരളത്തിൽ കളിക്കുമായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ വഴി കേരളത്തിനുവേണ്ടി അർജൻ്റീനയുമായി കരാർ ഉണ്ടാക്കിയ കമ്പനി ഉടമ്പടി എഴുതി 45 ദിവസത്തിനകം 60 കോടി രൂപ കൈമാറേണ്ടതാണ്.
എന്നാൽ അവസാന തീയതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും അർജൻ്റീറീന ഫുട്ബോൾ അസോസിയേഷന് കരാർ പ്രകാരമുള്ള തുക ലഭിച്ചില്ല. മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കേരളം അർജൻ്റീനയിൽ എത്തി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി നേരിട്ട് ചർച്ച നടത്തിയതാണ്. ഉറപ്പുകൾ നൽകിയതാണ്.
അതുകൊണ്ടുതന്നെ കേരളം പറഞ്ഞ വാക്ക് പാലിക്കാതെ വന്നതോടെയാണ് അർജൻറീനയുടെ പിന്മാറ്റം. മെസിയും ടീമും എത്തുന്നത് കേരളത്തിന്റെ വിപണിക്കും കായികമേഖലക്കും ഉണർവേകും എന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. കുറഞ്ഞ ദിവസത്തിനുള്ളിൽ പുതിയ ഒരു സ്പോൺസർ കണ്ടെത്തുക എന്നതും സർക്കാരിന് വെല്ലുവിളിയായി.