ടെന്നീസില്‍നിന്ന് വിരമിക്കാനുള്ള കാരണത്തെ കുറിച്ചും അമ്മയായതിനുശേഷം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചും മനസ് തുറന്ന് സാനിയ മിര്‍സ. കരിയര്‍ തുടരാന്‍ ശരീരം സമ്മതിക്കാതിരുന്നതിനൊപ്പം മകന്‍ ഇഹ്‌സാന്‍ മിര്‍സയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്നത് കൂടി തന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലുണ്ടെന്ന് സാനിയ പറയുന്നു.
ഗര്‍ഭകാലത്തേക്കാള്‍ കുഞ്ഞിനെ മുലയൂട്ടുന്ന സമയത്താണ് താന്‍ തളര്‍ന്നുപോയതെന്നും സാനിയ പറയുന്നു. മുലയൂട്ടുന്നതിന്റെ ശാരിരികമായ ബുദ്ധിമുട്ടുകളേക്കാള്‍ വൈകാരികവും മാനസികവുമായ വശങ്ങളാണ് തന്നെ തളര്‍ത്തിയിരുന്നതെന്നും ഇനിയും മൂന്ന് തവണ ഗര്‍ഭിണിയാകാന്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും പക്ഷേ മുലയൂട്ടുന്ന കാര്യം ആലോചിക്കാന്‍കൂടി കഴിയുന്നില്ലെന്നും സാനിയ വ്യക്തമാക്കി.
‘കുഞ്ഞുങ്ങൾക്ക് എപ്പോഴെല്ലാമാണോ നമ്മളെ ആവശ്യം ആ സമയത്ത് അവർക്കൊപ്പം നിൽക്കാൻ സമയം കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കുഞ്ഞിന് ആ കാലയളവിൽ നൽകേണ്ട സുരക്ഷിതത്വം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞാൻ എല്ലാം ചെയ്യുന്നു എന്ന ബോധ്യമുണ്ട്. എന്റെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. കുഞ്ഞിനൊപ്പമുണ്ടാവുക എന്നതും എന്റെ സ്വപ്നമാണ്’ സാനിയ പറഞ്ഞു.