Image: x
ലോക ചെസ് സൂപ്പര്‍താരം മാഗ്നസ് കാള്‍സന്‍റെ വിവാദ ജീന്‍സ് 36,100 ഡോളറി(ഏകദേശം 31 ലക്ഷത്തിലേറെ രൂപ)ന് ലേലത്തില്‍ പോയി. കാള്‍സന്‍റെ ജീന്‍സിന് വീണ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന് കഴിഞ്ഞ വര്‍ഷം എത്തിയപ്പോഴാണ് കാള്‍സണ്‍ ഈ ജീന്‍സ് ധരിച്ചത്.
വിവാദത്തിന് ഒരു മാസത്തിന് ശേഷമാണ് താന്‍ ആ 'വിലക്കപ്പെട്ട' ജീന്‍സ് ലേലത്തില്‍ വയ്ക്കുകയാണെന്ന് കാള്‍സണ്‍ പ്രഖ്യാപിച്ചത്. 'വിലക്കപ്പെട്ട ജീന്‍സ് ഇപ്പോള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം. ഞാന്‍ ലേലത്തില്‍ വയ്ക്കുകയാണ്. ഇങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നതല്ല'– കാള്‍സണ്‍ വിശദീകരിച്ചു. കൗമാരക്കാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും പിന്തുണയും നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'ബിഗ് ബ്രദേഴ്സ് ബിഗ് സിസ്റ്റേഴ്സ്' സംഘടനയ്ക്കാവും മുഴുവന്‍ തുകയും നല്‍കുകയെന്നും താരം വ്യക്തമാക്കിയിരുന്നു. ലേലത്തിന്‍റെ തുടക്കത്തില്‍ 8000 ഡോളറാണ് ജീന്‍സിന് വില വീണത്. ആരാധകര്‍ ഏറ്റെടുത്തതോടെ 31 ലക്ഷം വരെ വില ഉയര്‍ന്നു.
ഫിഡെയുടെ ഡ്രസ് കോഡിന് വിരുദ്ധമായതിനാല്‍ ജീന്‍സ് മാറ്റി വരാന്‍ കാള്‍സനോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പിഴ ചുമത്തുകയും അയോഗ്യനാക്കുകയായിരുന്നു. വലിയ വിവാദമാണ് ഇതുണ്ടാക്കിയത്. ജീന്‍സ്ഗേറ്റ് എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചകളോളം കാള്‍സണും ജീന്‍സും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. ലോക വ്യാപകമായി വിഷയം ചര്‍ച്ചയായതോടെ ഫിഡെ അയഞ്ഞു. ജീന്‍സ് ധരിച്ച് കാള്‍സണ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയും നല്‍കി. ബ്ലിറ്റ്സിലെ തുടര്‍ മല്‍സരങ്ങളില്‍ ജീന്‍സ് ധരിച്ചാണ് കാള്‍സണ്‍ പങ്കെടുത്തതും.