ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തീരുമാനിച്ചു. 25 ന് ചേരുന്ന ജനറല്‍ മീറ്റിങ്ങിലെ അജന്‍ഡയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. പി.ടി.ഉഷ തയാറാക്കിയ അജന്‍ഡ മാറ്റിയാണ് 12 എക്സിക്യുട്ടീവ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം ഉള്‍പ്പെടുത്തിയത്.
ഐ.ഒ.എയുടെ ജനറല്‍ മീറ്റിങ് വിളിച്ചുകൊണ്ട് ഈ മാസം മൂന്നിന് പി.ടി.ഉഷ അയച്ച ഇ മെയില്‍ സന്ദേശത്തിലെ അജന്‍ഡയില്‍ 16 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സി.ഇ.ഒ നിയമനം എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും ഫിനാന്‍സ് കമ്മിറ്റി കടം എഴുതിത്തള്ളിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും കത്തില്‍ പറയുന്നു. ഇ.സിയിലെ പല അംഗങ്ങളുടെയും യോഗ്യത സംബന്ധിച്ച് പരാതികള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അജന്‍ഡയാണ് ഉഷ തയാറാക്കിയത്.
എന്നാല്‍ പിന്നീട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 12 അംഗങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ 26 ഇന അജന്‍ഡയിലാണ് പി.ടി.ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയം ഉള്‍പ്പെടുത്തിയത്. ഉഷ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു, എക്സിക്യുട്ടീവ് അംഗങ്ങള്‍ക്ക് അനധികൃതമായി കാരണംകാണിക്കല്‍ നോട്ടിസുകള്‍ നല്‍കി, സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ കൂടിയാലോചനകളില്ലാതെ തീരുമാനിച്ചു തുടങ്ങി ഒട്ടേറെ ആരോപണങ്ങളും ഇവ ചര്‍ച്ചചെയ്യണമെന്നും ഇ.സിയുടെ അജന്‍ഡയില്‍ പറയുന്നു.
താന്‍ തയാറാക്കിയ അജന്‍ഡയാണ് അന്തിമമെന്നും അതില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്നും പി.ടി ഉഷ വ്യക്തമാക്കുന്നുണ്ട്. ഇതോടെ 25 ലെ യോഗത്തില്‍ ഏത് അജന്‍ഡ പരിഗണിക്കും എന്നതില്‍ അനിശ്ചിതത്വമായി. കേരള ഒളിംപിക് അസോസിയേഷന്‍റെ പിന്തുണ പി.ടി.ഉഷയ്ക്കാണ്. ജനറല്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ അവിശ്വാസപ്രമേയം പാസാകു. പ്രശ്നപരിഹാരത്തിന് കേന്ദ്ര കായിക മന്ത്രാലയം ഇടപെടുമോ എന്നതും നിര്‍ണായകമാണ്.