pant

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്- ഡല്‍ഹി കാപ്പിറ്റല്‍സ് പോരാട്ടം കനത്തപ്പോൾ കാണാനായത് റിഷഭ് പന്തിൻ്റെ തകർപ്പൻ പ്രകടനം. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സ് 20 റണ്‍സിന്റെ ജയമാണ് നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്സിന് മറികടക്കാനായില്ല. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. മത്സരത്തില്‍ നിർണായകമായത് പന്തിൻറെ അർധ സെഞ്ചറിയും.

 

32 പന്തില്‍ നിന്ന് 51 റൺസാണ് താരം നേടിയത്. ഈ ഐ.പി.എല്‍ സീസണിലെ ഡല്‍ഹിയുടെ ആദ്യജയം കൂടിയാണിത്. അഞ്ച് തവണ ചാംമ്പ്യന്മാരായ ചെന്നൈയെയാണ് തോല്‍പ്പിച്ചത് എന്നതും നിർണായകം. പാതി ഓവർ പിന്നിട്ടപ്പോൾ പന്ത് ചെറുതായൊന്ന് പതറിയെങ്കിലും അവസാന ഒൻപത് പന്തില്‍ നിന്നാണ് താരം 28 റൺസ് അടിച്ചുകൂട്ടിയത്. പരുക്കേറ്റ് ഒന്നര വർഷത്തോളം ചികിത്സയിലായിരുന്ന പന്തിൻ്റെ തിരിച്ചുവരവ് ആരാധകരിലും അളവറ്റ ആവേശമാണ് നിറയ്ക്കുന്നത്.

 

ഒന്നര വർഷത്തെ തൻ്റെ കാത്തിരിപ്പായിരുന്നു ഇതെന്നാണ് അർധസെഞ്ചറിക്കു പിന്നാലെ പന്ത് പ്രതികരിച്ചത്. ആരാധകരും താരത്തിൻ്റെ ഈ ഒറ്റക്കയ്യൻ സിക്സിനായി കാത്തിരിക്കുകയായിരുന്നു.  ഞാൻ ഒരുപാടൊന്നും കളിച്ചിട്ടില്ല, പക്ഷേ കളിയുടെ ഗതിമാറ്റാൻ തനിക്ക് കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നാണ് താരം പിന്നീട് പ്രതികരിച്ചത്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാനുണ്ടെന്നും പന്ത് കൂട്ടിച്ചേർത്തു.

 

Rishabh Pant on bringing back iconic one-handed six: Waited 1-and-a-half-years for it.