rishab-pant

15 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് റിഷഭ് പന്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ താരം തിരിച്ചു വരവ് നടത്തും. പന്തിന്‍റെ തിരിച്ചു വരവ് ഡല്‍ഹി ക്യാപിറ്റല്‍സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് നേരത്തെ ഉറപ്പിച്ചിരുന്നു.  ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചോദ്യം.  ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീമിലുള്ള സ്ഥാനത്തെ പറ്റി യഥാര്‍ഥ ചിത്രം നല്‍കും. ലോകകപ്പ് ടീമില്‍ പന്തുണ്ടാകുമോ എന്ന ചോദ്യത്തിന് ബി.സി.സി.ഐ. സെക്രട്ടറി ജെയ്ഷായ്ക്ക് ഉത്തരമുണ്ട്. 

 

ബിസിസിഐ സെക്രട്ടറി ജെയ്ഷാ കഴിഞ്ഞ ദിവസം റിഷഭ് പന്തിനെ പറ്റി സംസാരിച്ചിരുന്നു. തിരിച്ചു വരവിന് മുന്നോടിയായി റിഷഭ് പന്തിനെ നിരീക്ഷിച്ച് വരികയാണെന്നും പന്തിനെ ഒരു ആസ്തിയായാണ് ടീം കാണുന്നതെന്നുമായിരുന്നു ജെയ്ഷായുടെ വാക്കുകള്‍. പൂര്‍ണമായും കായികക്ഷമതയുള്ള പന്തിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നും സെക്രട്ടറി പറഞ്ഞു. 

 

''പന്ത് നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. നന്നായി കീപ്പ് ചെയ്യുന്നുമുണ്ട്. താരത്തിന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് ഉടനെ ഞങ്ങള്‍ പ്രഖ്യാപനം നടത്തും. പന്തിന് ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കുമെങ്കില്‍ ടീമിനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. പന്ത് ഞങ്ങളെ സംന്ധിച്ച് വലിയൊരു ആസ്തിയാണ്'' എന്നിങ്ങനെയായിരുന്നു ജെയ്ഷായുടെ വാക്കുകള്‍. കീപ്പ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ പന്തിന് ലോകകപ്പ് കളിക്കാം. ഐപിഎല്ലില്‍ എങ്ങനെയാണ് പ്രകടനമെന്ന് നോക്കട്ടെ എന്നുമായിരുന്നു ജെയ്ഷാ പറഞ്ഞത്. 

 

2022 ഡിസംബറിലെ കാറപകടത്തിന് പിന്നാലെ താരം കളത്തിന് പുറത്താണ്. വലത് കാല്‍മുട്ടിന് പരിക്കേറ്റ താരം ശസത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. കൈത്തണ്ടയിലും കണങ്കാലിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി താരമായ റിഷഭ് പന്ത് ഇത്തവണ ലീഗ് കളിക്കുമെന്ന് ഹെഡ് കോച്ച് റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു. ശാരീരിക ക്ഷമത അനുകൂലമാണെങ്കില്‍ താരം ഡല്‍ഹി ക്യാപിറ്റലിനെ നയിക്കുമെന്നും പോണ്ടിങ് പറഞ്ഞു. 

 

BCCI secretary Jay Shah point out the chances for Rishabh Pant to play t20 world cup