നാണക്കേടിന്റെ പെരുമഴയിൽ നിന്ന് പലപ്പോഴും നമ്മെ രക്ഷിച്ചുപോന്ന ഒരാൾ. 2001ൽ ഈഡൻ ഗാർഡന്‍സില്‍ നമ്മളത് കണ്ടു. 2003ൽ, സ്റ്റീവ് വോയുടെ അവസാന ടെസ്റ്റ് പരമ്പര. ജയത്തോടെ തങ്ങളുടെ ക്യാപ്റ്റനെ യാത്രയാക്കാൻ ഒരുങ്ങി വന്ന ഓസീസ് പടയ്ക്ക് മുൻപിൽ അഡ്‍ലെയ്‍ഡില്‍ വന്‍മതിൽ ഉയർത്തിയാണ് രഹുൽ ദ്രാവിഡ് ഉശിര് കാണിച്ചത്. കെന്‍സിങ്ടണ്‍ ഓവലും റാവല്‍പിണ്ടിയും തുടങ്ങി പലയിടത്തും അയാൾ പ്രതിരോധത്തിന്റ വന്‍മതിലായി. ടീമിന് വേണ്ടി വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ ആവശ്യപ്പെട്ടാല്‍ എത്ര മൈല്‍ വേണമെന്നാവും ദ്രാവിഡിന്റെ ചോദ്യം. ഹർഷ ഭോഗ്ലെയുടെ ഈ വാക്കുകളിലുണ്ട് ടീമിനായി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ദ്രാവിഡിന്റെ രൂപം. രാഹുൽ ദ്രാവിഡ് എന്ന ബാറ്റ്സ്മാൻ അത്രത്തോളം നമ്മുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ട്. എന്നാൽ രണ്ടാം ഇന്നിങ്സിൽ പരിശീലക കുപ്പായത്തിൽ വന്നപ്പോള്‍ ആ വിശ്വാസം നിലനിര്‍ത്താന്‍ ദ്രാവിഡിനായോ? ഇനി ദ്രാവിഡ് തുടരുന്നതിൽ കാര്യമുണ്ടോ?
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ ദ്രാവിഡിന്റെ പങ്ക് വലുതായിരുന്നു. അതിനും മുൻപ് ഇന്ത്യ അണ്ടർ 19 ടീമിനൊപ്പവും ഇന്ത്യ എയ്ക്കൊപ്പവും നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുതലമുറയെ പരുവപ്പെടുത്തിയെടുക്കുന്ന പ്രക്രിയ ദ്രാവിഡ് തുടങ്ങിക്കഴിഞ്ഞിരുന്നു. 2016ൽ ഇഷാൻ കിഷനെ ക്യാപ്റ്റനാക്കി എത്തിയ ദ്രാവിഡിന്റെ അണ്ടർ 19 സംഘം ലോകകപ്പ് ഫൈനൽ വരെ എത്തി. 2018ൽ പൃഥ്വി ഷായും കൂട്ടരും അണ്ടർ 19 കിരീടം നേടിയപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു. അയാൾ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്ന് വ്യക്തമായപ്പോള്‍ വിരിഞ്ഞതാണ് ആ പുഞ്ചിരി. ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തലമുറ മാറ്റത്തിന്റെ താളപ്പിഴകളിൽ ആടി ഉലഞ്ഞപ്പോൾ ഇന്ത്യ കുലുങ്ങാതെ നിന്നതിന് പിന്നിൽ ദ്രാവിഡിന്റെ കരങ്ങൾക്കുള്ള പങ്ക് വലുതാണ്. ശുഭ്മൻ ഗില്ലും ഋഷഭ് പന്തും ഇഷാന് കിഷനും ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിലെ ജാമി ബോയ്സിന്റെ നിര തെളിവ്.
2021ലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ നാണംകെട്ട് മടങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി എത്തുന്നത്. അടുത്ത നാലഞ്ച് വർഷം ടീമിനെ ഉയരങ്ങളിലെത്തിക്കാന്‍ കെല്‍പ്പുള്ള കളിക്കാരെ കണ്ടെത്തണം, വളര്‍ത്തിയെടുക്കണം. ഇതായിരുന്നു ദ്രാവിഡിന് മുൻപിലുണ്ടായ പ്രധാന വെല്ലുവിളി. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിൽ ഇന്ത്യ തോറ്റു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ നഷ്ടമായി. വിൻഡിസിനോട് ട്വന്റി20 പരമ്പര തോറ്റു. ബംഗ്ലാദേശിനോട് ഏകദിന പരമ്പര തോറ്റു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും 2022ലെ ട്വന്റി20 ലോകകപ്പ് സെമിയിലും തോൽവി. 2022 ഏഷ്യാ കപ്പിലും ഇന്ത്യക്ക് പിഴച്ചു. 2017ന് ശേഷം ഒരു ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിടാൻ ദ്രാവിഡിനും കഴിഞ്ഞില്ല. ഒടുവിൽ ഏകദിന ലോകകപ്പിൽ ആ കാത്തിരിപ്പ് അവസാനിക്കും എന്ന് തോന്നിച്ചു. 10 കളികളിൽ തോൽവി തൊടാതെ ഇന്ത്യയുടെ കുതിപ്പ്. ദ്രാവിഡിന്റെ തന്ത്രങ്ങൾക്ക് ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചതും ഈ ലോകകപ്പ് കാലത്ത് തന്നെ. എന്നാൽ ഇവിടെയും കിരീടത്തിനരികെ ഇന്ത്യ വീണു.
തന്റെ താരങ്ങളിൽ എല്ലാ വിശ്വാസവും അർപ്പിക്കുന്നതാണ് ദ്രാവിഡിന്റെ ശൈലി. ശ്രേയസ് അയ്യരുടേയും കെഎൽ രാഹുലിന്റേയും ലോകകപ്പിലെ മികവ് ആ വിശ്വാസമർപ്പിക്കലിനുള്ള പ്രതിഫലമാണ്. ഞങ്ങൾ കളിക്കാരെ പിന്തുണയ്ക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യും. അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് ദ്രാവിഡിനാണെന്നാണ് രോഹിത് ശര്‍മയുടെ വാക്കുകൾ. ഇതുപോലൊരു ടീമിനെ വാർത്തെടുത്തു എന്ന് ചൂണ്ടിയാണ് രാഹുൽ ദ്രാവിഡിന്റെ കരാർ ബിസിസിഐ ഇപ്പോൾ പുതുക്കുന്നത്. ദ്രാവിഡിന്റെ പ്രഫഷണലിസവും കാഴ്ച്ചപ്പാടും തന്ത്രങ്ങളും ടീമിന്റെ പ്രകടനത്തിൽ നിർണായകമായെന്ന് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയൊരു നിലപാട് എടുത്ത ബിസിസിഐ നീക്കത്തെ വിമർശിക്കാനുമാകില്ല. കാരണം നിലവിൽ മൂന്ന് ഫോർമാറ്റിലും ലോകറാങ്കിങ്ങിൽ ഒന്നാമതാണ് ദ്രാവിഡിന് കീഴിലെ ഇന്ത്യ.
ദ്രാവിഡിന്റെ കരാർ പുതുക്കുമ്പോൾ 2024ലെ ട്വന്റി20 ലോകകപ്പിലേക്കും പ്രതീക്ഷ വെക്കുകയാണ് ഇന്ത്യ. ആരാധകർക്ക് മുൻപിൽ ഒരു കടം വീട്ടാനുണ്ട് ദ്രാവിഡിന്. 2007 ലോകകപ്പിൽ വാനോളം പ്രതീക്ഷയുമായി നിന്ന ആരാധകരുടെ ഹൃദയം തകർത്തതിന് ഒരു പ്രായശ്ചിത്തം. 2024ൽ ലോക കിരീടം ഉയർത്തി രാഹുൽ ദ്രാവിഡ് ആ കടം വീട്ടാന്‍ രാഹുലിന് കഴിയട്ടെ.