കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന്‍. രണ്ടുവട്ടം ബഗാന്റെ ഓഫര്‍ ബ്ലാസ്റ്റേഴ്സ് നിരസിച്ചെങ്കിലും സഹലിനായുള്ള ശ്രമം ബഗാന്‍ അവസാനിപ്പിച്ചിട്ടില്ല.
പ്രിതം കോട്ടലിനെയോ ലിസ്റ്റന്‍ കൊളാസോയെയോ പകരം നല്‍കി സഹല്‍ അബ്ദുല്‍ സമദിനെ കൊല്‍ക്കത്തയിലെത്തിക്കാനായിരുന്നു മോഹന്‍ ബഗാന്റെ ശ്രമം. ഈ വാഗ്ദാനം കേരള ബ്ലാസ്റ്റേഴ്സ് നിരസിച്ചു. പ്രിതം കോട്ടലിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും സഹലിനെ കൈവിട്ടുകളയാന്‍ ഒരുക്കമല്ല. ഒരു താരത്തെ കൈമാറുന്നതിനൊപ്പം ട്രാന്‍സ്ഫര്‍ തുകയും നല്‍കി സഹലിനെ സ്വന്തമാക്കാനാണ് ബഗാന്റെ അടുത്തനീക്കം. അനിരുദ് ഥാപ്പയെയും ജേസന്‍ കമിങ്സിനെയും സ്വന്തമാക്കിയ ബഗാന്‍ AFC കപ്പുകൂടി കണ്ടാണ് ടീമൊരുക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ബാഗന്‍ ഥാപ്പയെ ടീമിലെത്തിച്ചത്. ബഗാന്‍ ഉള്‍പ്പടെ നാലുക്ലബുകള്‍ സഹലിനായി രംഗത്തുണ്ടെന്നാണ് സൂചന. മല്‍സരം പൂര്‍ത്തിയാക്കാതെ കളംവിട്ടതോടെ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ വമ്പന്‍ ഓഫര്‍ ലഭിച്ചാല്‍ ബ്ലാസ്റ്റേഴ്സ് സഹലിനെ കൈമാറുന്നത് പരിഗണിച്ചേക്കാനും ഇടയുണ്ട്. 2025 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള സഹല്‍ അബ്ദുല്‍ സമദിന്റെ കരാര്‍. 26കാരനായ സഹല്‍ ആറുവര്‍ഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ്.