ഇന്ത്യൻ ടീമിൽ തുടർച്ചയായി തഴയപ്പെടുന്ന മലയാളി താരം സഞ്ജു സാംസണിനു ഒടുവിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്ന ആദ്യ ഏകദിനത്തിൽ അവസരം ലഭിച്ചെങ്കിലും അതൊരു വലിയൊരു സ്കോറാക്കി മാറ്റുവാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 38 പന്തിൽ 36 റൺസാണ് താരം നേടിയത്. അതിൽ തന്നെ നാല് ബൗണ്ടറികളും ഉൾപ്പെടുന്നു. തകർപ്പൻ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ലാതമിന്റെയും (104 പന്തിൽ പുറത്താകാതെ 145) സെഞ്ചറിക്ക് അരികിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും (98 പന്തിൽ പുറത്താകാതെ 94) മികവിൽ 7 വിക്കറ്റിന്റെ ഉജ്വല ജയമാണ് കിവികൾ ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു മത്സരത്തിൽപ്പോലും സഞ്ജുവിന് അവസരം നൽകാതെ പുറത്തിരുത്തിയതിനു പിന്നാലെ, ഏകദിനത്തിൽ സഞ്ജുവിനെ കളത്തിലിറക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഋഷഭ് പന്ത് ടീമിനു ബാധ്യതയായി മാറിയെന്നും, ഏകദിനത്തിൽ സഞ്ജുവിന് അവസരം നൽകണമെന്നും മുൻ ഇന്ത്യൻ താരം റിതീന്ദർ സിങ് സോധി ആവശ്യപ്പെട്ടു. ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ തുടങ്ങിയവരും സഞ്ജുവിനായി വാദിച്ച് രംഗത്തെത്തിയ താരങ്ങളാണ്.
സഞ്ജു നന്നായി ബാറ്റു ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനത്ത് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മനീഷ് പാണ്ഡേ വ്യക്തമാക്കി.
‘സഞ്ജു സാംസൺ നന്നായി കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് മത്സരങ്ങൾ ലഭിക്കുകയും അതിൽ കളിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ടീമിലെ എന്റെ സ്ഥാനത്ത് സഞ്ജു വരുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകും. എനിക്കും ഇതുപോലെ നിരവധി തവണ കളിക്കാനിറങ്ങാതെ ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിൽ നിങ്ങൾക്ക് വിഷമം തോന്നാം. പക്ഷേ അതെല്ലാം മത്സരത്തിന്റെ സ്പിരിറ്റിൽ എടുക്കണം. ടീമിന്റെ ആവശ്യം അനുസരിച്ച് നമ്മൾ പൊരുത്തപ്പെടേണ്ടി വരും. എന്നാൽ ഇപ്പോൾ ഞാൻ അതൊന്നും ചിന്തിക്കുന്നില്ല, അതെന്നെയും എന്റെ കളികളെയും മോശമായി ബാധിക്കും. ഇപ്പോഴത്തെ കാര്യം മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എനിക്ക് അവസരം ലഭിച്ചാൽ അത് നന്നായി കളിച്ച് തെളിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’– മനീഷ് പറഞ്ഞു.
‘‘ഋഷഭ് പന്ത് ടീമിന് ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു. ഇതാണ് അദ്ദേഹത്തിന്റെ അവസ്ഥയെങ്കിൽ പകരം സഞ്ജുവിനെ കളിപ്പിക്കൂ. ഇപ്പോൾ അവസരം നൽകിയില്ലെങ്കിൽ പിന്നെ എപ്പോൾ നൽകാനാണ്? ലോകകപ്പിലും ഐസിസി ടൂർണമെന്റുകളിലും എന്നും പാതിവഴിയിൽ തോറ്റു മടങ്ങാനൊക്കുമോ? ഒരാൾക്ക് പരിധിയിൽ കൂടുതൽ അവസരങ്ങൾ നൽകുമ്പോഴാണ് പ്രശ്നം. പുതിയ ആളുകൾക്ക് അവസരം നൽകേണ്ട സമയമായി’ – മുൻ ഇന്ത്യൻ താരം റിതീന്ദർ സിങ് സോധി ചൂണ്ടിക്കാട്ടി.
‘‘പന്തിന് ഇനിയും എത്ര അവസരങ്ങൾ കിട്ടുമെന്ന് കണ്ടറിയണം. അദ്ദേഹം പ്രതിഭയോടു നീതി പുലർത്തേണ്ട സമയം അതിക്രമിച്ചു. എല്ലാറ്റിനും പരിധിയുണ്ട്. ഒരു താരത്തെ ഇതിൽക്കൂടുതൽ ആശ്രയിക്കാനാകില്ല. പ്രകടനം മോശമാണെങ്കിൽ ടീമിൽനിന്ന് പുറത്താക്കൂ’ – സോധി പറഞ്ഞു.
അതിനിടെ, സഞ്ജുവിന് പിന്തുണയുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കും രംഗത്തെത്തി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ആറാം നമ്പറിൽ കളിപ്പിക്കാൻ ഏറ്റവും യോഗ്യനായ കളിക്കാരൻ സഞ്ജുവാണെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്നു മത്സരങ്ങളിൽനിന്ന് പുറത്താകാതെ 116 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. വിൻഡീസ്, സിംബാബവെ ടീമുകൾക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിന്റെ ഈ വർഷത്തെ ശരാശരി 82.87 ആണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയേറുന്നത്.
Rishabh Pant & Sanju Samson Clash As India Legend Snubs Keralite For NZ ODIs