അലിസ്റ്റര്‍ കുക്കിന് ശേഷം ടെസ്റ്റില്‍ 10,000 റണ്‍സ് എന്ന നേട്ടം കൈവരിക്കുന്ന ഇംഗ്ലീഷ് താരമായി ജോ റൂട്ട്. ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്ന 14-ാമത്തെ ബാറ്ററാണ്. മാത്രമല്ല ടെസ്റ്റ് കരിയറിലെ 26–ാം സെഞ്ചറി നേടിയ മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ (115 നോട്ടൗട്ട്) ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സ്വന്തമാക്കുവാനും സാധിച്ചു. ബെൻ ഫോക്സും (32 നോട്ടൗട്ട്) റൂട്ടിനു മികച്ച പിന്തുണയേകി. ജയത്തോടെ 3 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1–0).
സ്കോർ– ന്യൂസീലൻഡ്: 132, 285; ഇംഗ്ലണ്ട്: 141, 279–5.
277 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ മൂന്നാംദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് എടുത്തിരുന്നത്. 5 വിക്കറ്റുകൾ ശേഷിക്കേ ജയിക്കാൻ 61 റൺസാണ് അവർക്കു 4–ാം ദിനം വേണ്ടിയിരുന്നത്.
77 റൺസോടെ ക്രീസിലുണ്ടായിരുന്ന റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ. നാലിന് 69 എന്ന നിലയിൽ തകർന്ന് പരാജയം മണത്ത ഇംഗ്ലണ്ടിനെ റൂട്ടും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (54) ചേർന്ന് കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ട് തകർച്ചയെ നേരിട്ട ഘട്ടത്തിൽ തുടർ ബൗണ്ടറികൾ നേടി റൺചേസ് ട്രാക്കിലാക്കിയ സ്റ്റോക്സിന്റെ ഇന്നിങ്സിനും വിജയത്തിൽ വലിയ പങ്കുണ്ട്.
4ന് 236 എന്ന സ്കോറിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച കിവീസിന് 49 റൺസ് റൺസിനിടെ അവശേഷിക്കുന്ന 6 വിക്കറ്റുകളും നഷ്ടമായി. സെഞ്ചറി (108) തികച്ച ഡാരിൽ മിച്ചൽ ആണ് ആദ്യം മടങ്ങിയത്. 195 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ കിവീസിന്റെ തകർച്ചയും തുടങ്ങി. ഡി ഗ്രാൻഡ്ഹോം (0) റണ്ണൗട്ടായി. ടോം ബ്ലെണ്ടൽ (96) സെഞ്ചറി നേടാതെ മടങ്ങി.
ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡ് 132 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഏഴിന് 116 റൺസ് എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ 7 ഓവറുകൾക്കിടെ അവേശിഷിച്ച മൂന്നു വിക്കറ്റുകളും നഷ്ടമായി. ബെൻ ഫോക്സ് (22 പന്തിൽ ഏഴ്), സ്റ്റുവാർട്ട് ബ്രോഡ് (14 പന്തിൽ ഒൻപത്), മാത്യു പാർകിൻസൺ (എട്ടു പന്തിൽ എട്ട്) എന്നിവരാണ് പുറത്തായത്. ജയിംസ് ആൻഡേഴ്സൻ ഏഴു റൺസുമായി പുറത്താകാതെ നിന്നു.
ന്യൂസീലൻഡിനായി ടിം സൗത്തി 14 ഓവറിൽ 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട് 13.5 ഓവറിൽ 21 റൺസ് വഴങ്ങി മൂന്നും കൈൽ ജയ്മിസൻ ഏഴ് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി. കോളിൻ ഡി ഗ്രാൻഡ്ഹോമിനാണ് ശേഷിക്കുന്ന വിക്കറ്റ്.