ഇത്തവണത്തെ ഐപിഎല്ലിൽ ഗംഭീര പ്രകടനം നടത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നും ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ബോളിങ് ഓപ്പൺ ചെയ്യാൻ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ശശി തരൂർ എംപി
ടൂർണമെന്റിന്റെ തുടക്കം മുതൽ അസാമാന്യ വേഗതകൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഉമ്രാൻ. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ 4 ഓവറിൽ 28 റൺസ് വഴങ്ങിയായിരുന്നു ഉമ്രാന്റെ 4 വിക്കറ്റ് പ്രകടനം. തന്റെ അവസാന ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റുകളും ഉമ്രാൻ വീഴ്ത്തി. ഐപിഎല്ലിൽ ആദ്യമായാണ് ഉമ്രാൻ 4 വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മത്സരത്തിലെ ഉജ്വല ബോളിങ് പ്രകടനത്തിനു പിന്നാലെ ഒട്ടേറെ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഉമ്രാന് പ്രശംസയുമായെത്തി.
ഇന്ത്യൻ ടീമിലേക്ക് ഉമ്രാനു ഫാസ്റ്റ്ട്രാക്കിലൂടെ പ്രവേശനം നൽകണമെന്നും ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഉമ്രാൻ ബോളിങ് ഓപ്പൺ ചെയ്യണമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ ടീം ഇന്ത്യയ്ക്കൊപ്പം ഉമ്രാൻ നിശ്ചയമായും യാത്ര ചെയ്യണമെന്നും തരൂർ കുറിച്ചു.ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ, ‘ഉമ്രാനെ അടിയന്തരമായി ഇന്ത്യൻ ടീമിലെടുക്കണം. മികച്ച പ്രതിഭ. ഉമ്രാന്റെ പ്രതിഭ ചോരുന്നതിനു മുൻപ് ഉമ്രാനു വേണ്ടതു നൽകൂ, ഇംഗ്ലണ്ടിലെ ടെസ്റ്റുകളിൽ ബുമ്രയ്ക്കൊപ്പം ഉമ്രാൻ പന്തെറിയട്ടെ. ഇംഗ്ലിഷുകാരെ അതു ഭയപ്പെടുത്തും'.