മികച്ച ഭൂരിപക്ഷത്തിൽ തന്നെ മല്ലികാർജുൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് ജയിച്ചുകയറുമ്പോൾ ശശി തരൂർ ഉയർത്തി ആവേശവും പിടിച്ച വോട്ടെണ്ണത്തിലും അദ്ദേഹത്തെ പിന്തുണച്ചവർ സന്തോഷത്തിലാണ്. ഇത് പ്രകടമാക്കി രംഗത്തുവരികയാണ് ഹൈബി ഈഡൻ എംപി. തരൂരിനെ പരസ്യമായി പിന്തുണച്ച യുവനേതാക്കളിൽ ഒരാളായിരുന്നു ഹൈബി. ‘ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ഹൈബി  കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം ഖർഗെയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും 9,308 വോട്ടുകളിൽ 1,072 വോട്ടുകളാണ് തരൂരിനു ലഭിച്ചത്.

 

കേരളത്തിൽ നിന്നും മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് തരൂരും വ്യക്തമാക്കിരുന്നു.22 വർഷങ്ങള്‍ക്കു മുൻപ് അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്ര പ്രസാദും സോണിയ ഗാന്ധിയും മത്സരിച്ചപ്പോൾ പോൾ ചെയ്ത 7,700 വോട്ടുകളിൽ ജിതേന്ദ്രയ്ക്കു ലഭിച്ചത് 94 വോട്ട് മാത്രമായിരുന്നു. യുവനിരയുടെ വലിയ പിന്തുണ തരൂരിനു ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.പരമാവധി 500 വോട്ടായിരുന്നു തരൂർ ക്യാംപിന്റെ പ്രതീക്ഷ. ഫലം വന്നപ്പോൾ അത് ഇരട്ടിയിലേറെയായി എന്നതും ആവേശമുണർത്തുന്നു.