gokulam

TAGS

പ്രമുഖ ഐലീഗ് ടീമായ ഗോകുലം കേരള എഫ്.സിക്ക് പുതിയ പരിശീലകന്‍ ഉടനെത്തും. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പരിശീലനം തുടങ്ങാനാണ് ആലോചന. 

കഴിഞ്ഞ സീസണില്‍ ഗോകുലത്തെ ഡ്യൂറന്‍സ് കപ്പ് ജേതാക്കളാക്കിയ സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ വലേരയെപ്പോലെയൊരാളെ  പകരക്കാരനായി കൊണ്ടുവരാനാണ് തീരുമാനം. വിദേശപരിശീലകനെ തന്നെയാണ് ടീമിന് താല്‍പ്പര്യം. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കുറഞ്ഞ കാലയളവിലേയ്ക്ക് വിദേശ പരിശീലകനെ കൊണ്ടുവരുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയെങ്കില്‍ നിലവിലെ ടെക്നിക്കല്‍ ഡയറക്ടറായ ബിനോ ജോര്‍ജിന് ഒരിക്കല്‍ കൂടി പരിശീലക കുപ്പായമണിയേണ്ടി വരും. 

പരിശീലകനെത്തിയാലും ഉടന്‍ പരിശീലനം തുടങ്ങാനാകില്ല. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്കനുസരിച്ചാകും പരിശീലനം പുനരാരംഭിക്കുക. എങ്കിലും സെപ്റ്റംബര്‍ അവസാനത്തോടെ  ടീമിന് കളത്തിലിറങ്ങാനാകുമെന്നാണ് കണക്കുകൂട്ടല്‍.