isl-blasters

TOPICS COVERED

2026-27 സീസൺ– ഐഎസ്എൽ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പു വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ നിലനിന്നത് അനിശ്ചിതത്വം. സെപ്റ്റംബർ അവസാന ആഴ്ച പുതിയ ഉടമകൾ എത്തുമെന്ന വാർത്ത പുറത്തുവന്നതോടെ ആരാധകരും സജീവമായി. ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള അൽഫുർസാൻ ഗ്രൂപ്പ് മാഗ്‌നം സ്പോർട്സിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. കഴിഞ്ഞ സീസണിൽ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്ന മഞ്ഞപ്പട തിരിച്ചെത്തി. വിദേശ താരങ്ങളുടെ ഉൾപ്പടെ സൈനിങ്ങ് ഏറ്റെടുത്ത് ആരാധകരും. ആദ്യ മത്സരത്തിൽ 11 ന് ഇന്‍റർ കാശിക്കെതിരെ ജയത്തോടെ തുടക്കം. രണ്ടാം മത്സരത്തിൽ 18 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോൽവിയെങ്കിലും ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്ന പ്രതീക്ഷ. പിന്നെ എല്ലാ കണ്ണുകളും 25ന് നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചിലേക്ക്. ടിക്കറ്റ് വില്പന എപ്പോൾ തുടങ്ങുമെന്ന ആകാംഷ. പക്ഷേ ഒടുവിൽ ഓൺലൈൻ ടിക്കറ്റ് ലഭ്യമായത് മത്സരത്തിന് തലേന്ന് മാത്രം. എന്താണ് ഇക്കാര്യത്തിൽ സംഭവിച്ചത് ?. 

കഴിഞ്ഞ സീസൺ– സംഭവബഹുലമായിരുന്നു കഴിഞ്ഞ സീസൺ. വാടക കുടിശ്ശിക തർക്കത്തിന്റെ പേരിൽ  വാർത്താ സമ്മേളനത്തിന് എത്തിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പ്രതിനിധികളെ GCDA സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത് വലിയ വിമർശനത്തിന് ഇടയാക്കി. മത്സരം നടക്കുമോ എന്ന ആശങ്ക. എല്ലാറ്റിനും ഒടുവിൽ വാടക ഇളവുകളോടെ മത്സരങ്ങൾ നടന്നു. ആദ്യം 4.2 ലക്ഷമായി നിശ്ചയിച്ച വാടക പിന്നീട് 3 ലക്ഷമാക്കി കുറച്ചു.

ബ്ലാസ്റ്റേഴ്സും ജിസിഡിഎയും– 2026-27 സീസണിലും സ്ഥിതി വ്യത്യസ്തമായില്ല. ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിൽ വാടകയിൽ ധാരണയായില്ലെന്ന വാർത്ത പുറത്തുവിട്ടത് ഈ മാസം 21ന്. എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച വാടക തന്നെ വേണമെന്ന് ജിസിഡിഎ. ഒരു മത്സരത്തിന് 9.25 ലക്ഷം രൂപയും നികുതിയും. പിന്നെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഒരു കോടിയും. എന്നാൽ കഴിഞ്ഞതവണത്തെ ഇളവ് ആവർത്തിക്കണമെന്ന നിലപാടിലുറച്ച് ബ്ലാസ്റ്റേഴ്സ് അധികൃതർ. ഏത് ഇളവിനും സർക്കാർ ഉത്തരവ് വേണമെന്ന നിലപാടിൽ GCDA ഉദ്യോഗസ്ഥർ. ഒരു ലക്ഷത്തിനു മുകളിൽ ഇളവ് നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പോലും കഴിയില്ലെന്നും അറിയിച്ചു. കഴിഞ്ഞതവണത്തെ കരാർ നിശ്ചയിച്ചത് കഴിഞ്ഞ സീസണിന് വേണ്ടിയെന്നും വിശദീകരണം. സ്റ്റേഡിയം വിട്ടു നൽകാൻ ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് കത്തു നൽകിയിട്ടില്ലെന്നും GCDA വിശദീകരിച്ചു. ചെയർമാനോ എക്സിക്യൂട്ടീവ് കമ്മിറ്റിയോ നിലവിലില്ലാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.

തിരക്കിട്ട ചർച്ചകള്‍– 21 ന് സി.ഇ.ഒ കത്തു നൽകിയതിനു പിന്നാലെ 22 ന് ഇളവ് തേടി തദ്ദേശസ്വയംഭരണ മന്ത്രി കെ.എം.ഷാജിയെ കണ്ട് ബ്ലാസ്റ്റേഴ്സ് അധികൃതർ. എറണാകുളം എം.എൽ എ ടി.ജെ വിനോദും വിഷയത്തിൽ ഇടപെട്ടു. 22ന് വൈകിട്ട് ബ്ലാസ്റ്റേഴ്സിന്റെ കത്ത് ജിസിഡിഎയ്ക്ക്. 23ന് ജിസിഡിഎയോട് വിശദമായ റിപ്പോർട്ട് നൽകാൻ തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടു. ഇളവുകളുടെ കാര്യത്തിൽ എന്ത് ചെയ്യാനാകും എന്നറിയിക്കാൻ സർക്കാർ നിർദേശം.

ജിസിഡിഎയുടെ മറുപടി– മത്സരത്തിന് രണ്ടുദിവസം മുൻപ് മാത്രമാണ് സ്റ്റേഡിയം വിട്ടു നൽകാനുള്ള കത്ത് ബ്ലാസ്റ്റേഴ്സ് അധികൃതർ നൽകിയതെന്ന് ജിസിഡിഎ സർക്കാരിന് നൽകിയ മറുപടിയിൽ പറയുന്നു. കഴിഞ്ഞ സീസണിലെ ഇളവുകൾക്ക് സർക്കാർ സാധൂകരണം നൽകാത്തതിനാലും മറ്റ് ബാധ്യതകൾ ഉള്ളതിനാലും 3.8 ലക്ഷം രൂപ മാത്രമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാക്കിയുള്ളതെന്നാണ് GCDA മറുപടി. സ്റ്റേഡിയം പരിപാലനത്തിന് അടക്കം ഭീമമായ തുക ആവശ്യമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരമുള്ള 9.25 ലക്ഷം രൂപ ഈടാക്കണമെന്നായിരുന്നു GCDA നിലപാട്.  ഒടുവിൽ വാടക നിശ്ചയിച്ച് സർക്കാർ  ഉത്തരവ് ഇറങ്ങുമെന്ന് ഉറപ്പായതോടെ ആശങ്കയകന്നു. ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയത്തിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ ജിസിഡിഎ സെക്രട്ടറി അനുമതി നൽകി.

ബാസ്റ്റേഴ്‌സിന് പിന്തുണ– ജിസിഡിഎയുടെ മറുപടിക്കത്ത് ലഭിച്ചതിനു പിന്നാലെ ഇളവുകൾ അനുവദിച്ച് 24ന് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. കേരള ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഐഎസ്എലും ബ്ലാസ്റ്റേഴ്സും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുക എന്നത് കേരള ജനതയുടെ പൊതു ആവശ്യമാണെന്നും സർക്കാർ വിലയിരുത്തി. സ്റ്റേഡിയം വാടക 3.5 ലക്ഷവും നികുതിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷവുമായി നിശ്ചയിച്ചു. ബ്ലാസ്റ്റേഴ്സും ജിസിഡിഎയും കരാറിൽ എത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം. മത്സരത്തിന്  തലേന്ന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബ്ലാസ്റ്റേഴ്സ് ടിക്കറ്റ് വിൽപ്പന തുടങ്ങി. ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമം. ഇനി കളത്തിൽ കാണാം.

 

ENGLISH SUMMARY:

Kerala Blasters 2026-27 season faced severe uncertainty and ticket booking delays due to a rental dispute between the club and GCDA over the Kochi stadium. The crisis was finally resolved after the state government intervened and issued an order reducing the stadium rent and security deposit.