isl-kerala-blasters
  • കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന വൈകുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന വൈകുന്നു. ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിട്ടില്ല. സ്റ്റേഡിയം വാടക സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സും ജി.സി.ഡി.എയും തമ്മിൽ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ആഴ്ച തന്നെ ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. മത്സരം അടുത്തെത്തിയിട്ടും ടിക്കറ്റുകൾ ലഭ്യമാകാത്തത് ആരാധകർക്കിടയിൽ ആശങ്കയും നിരാശയും സൃഷ്ടിച്ചിട്ടുണ്ട്. Also Read: ‘എന്റെ ബഡ്ഡി’: വൈറലായി എ.ഡി.ജി.പി പി.വിജയന്റെ ചിത്രം; കയ്യടിച്ച് കേരളം!

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ വാടക സംബന്ധിച്ചുള്ള തർക്കമാണ് ബ്ലാസ്റ്റേഴ്സും ജി.സി.ഡി.എയും തമ്മിലുള്ള ചർച്ചകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിന്റെ വാടക ഏകദേശം 8.40 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. ഇത് പിന്നീട് ഒരു മത്സരത്തിനായി മൂന്നര ലക്ഷം രൂപയായി കുറച്ചിരുന്നു.  ചെയർമാൻ ഉൾപ്പെട്ട കമ്മിറ്റിയായിരുന്നു അന്ന് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാൽ, പിന്നീട് നടന്ന മത്സരങ്ങളുടെ സമയത്തും സമാനമായ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. ഇത്തവണയും മുൻപ് അനുവദിച്ചതിന് സമാനമായ ഇളവ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നതായാണ് സൂചന. ഇത്തവണ പത്ത് ലക്ഷം രൂപ വരെ വാടകയായി ജി.സി.ഡി.എ പ്രതീക്ഷിക്കുന്നതായാണ് വിവരം. വാടകയിൽ ഇളവ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവ് ആവശ്യമായതിനാൽ അന്തിമ തീരുമാനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ജി.സി.ഡി.എയിൽ നിലവിൽ ചെയർമാൻ ഇല്ലാത്തതും തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്നുണ്ട്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനെത്തുടർന്ന് കെ. ചന്ദ്രൻപിള്ള രാജിവച്ചതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ഔദ്യോഗിക സർക്കാർ ഉത്തരവില്ലാതെ വാടകയിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ നിലപാട്. ചെയർമാനില്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ പരിമിതികളുണ്ടെന്നും വ്യക്തമാക്കുന്നു. അതേസമയം, വാടകയിൽ ഇളവ് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് ജി.സി.ഡി.എയുടെ വിശദീകരണം. 

ENGLISH SUMMARY:

Ticket sales for Kerala Blasters’ upcoming home match in Kochi have been delayed, with tickets for Sunday’s fixture against Mumbai City FC yet to go on sale. The delay is reportedly due to a lack of agreement between Kerala Blasters and the Greater Cochin Development Authority (GCDA) over stadium rental charges. Although ticket sales were expected to begin last week, the process has not started yet. With the match fast approaching, the delay has caused concern and disappointment among fans.