കിരീടവും ചെങ്കോലും തിരിച്ചുപിടിക്കാൻ അയാൾ വരുന്നു.. മുംബൈയുടെ... വാങ്കഡെയുടെ രാജ.. രോഹിത് ശർമ. നഷ്ടപ്പെട്ട പ്രതാപവും അകന്നുപോയ ആരാധകരേയും വിളക്കി ചേർക്കാൻ ഇതിലും നല്ല മരുന്ന് മുംബൈയുടെ പക്കലില്ല. ഐപിഎല്ലിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന്റെ കൂടാരത്തിലേക്ക് ആരാധകക്കൂട്ടം ഈയാംപാറ്റകളെ പോലെ ഒന്നിച്ചെത്തിയതിന് കാരണം ക്രിക്കറ്റ് ദൈവമാണെങ്കിൽ, ആ ടീമിന്റെ ദൈവത്തിന്റെ പോരാളികളായി വളർത്തിയെടുത്തത് രോഹിത് ഗുരുനാഥ് ശർമ്മയായിരുന്നു. കഴിഞ്ഞ 3 സീസണിൽ നായകനായ ഹർദിക് പാണ്ഡ്യയെ പഞ്ചാബിലേക്ക് ജാവോ ജാവോ പറഞ്ഞ് ക്യാപ്റ്റൻ ക്യാപ് രോഹിത്തിനെ വീണ്ടും ഏൽപ്പിക്കുമ്പോൾ മാനേജ്മെന്റിന് ചില്ലറ മോഹമൊന്നുമല്ല.
മാസ്റ്റർ ബ്ലാസ്റ്റർ മുതൽ മൂന്ന് ലോകകപ്പും തൂക്കി ഓസ്ട്രേലിയയുടെ ഒ.ജി ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ്ങിന് വരെ കൈപൊള്ളിയ ഐപിഎൽ. അതുവരെ സ്വപ്നം മാത്രമായിരുന്ന കിരീടം മുംബൈ ഇന്ത്യൻസ് 2013 ൽ ഉയർത്തുമ്പോൾ അവരുടെ നായകന് 26 വയസായിരുന്നു പ്രായം. പിന്നീട് 2015, 2017, 2019, 2020 സീസണുകളിലെല്ലാം മുംബൈ കപ്പെടുത്തു. സീസണിലെ ആദ്യ മൽസരം സ്വന്തം ടീം തോൽക്കുന്നതിൽ ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു ഫാൻസില്ല ഈ ലോകത്ത്.. ആ കോൺഫിഡൻസ് അവർക്ക് കൊടുത്തത് ഇതേ ഹിറ്റ്മാൻ തന്നെയാണ്.
തോറ്റു പോകും എന്ന് തോന്നിച്ച എത്രയെത്ര നെയിൽ ബൈറ്റിങ് മാച്ചുകൾ അയാൾ ജയിപ്പിച്ചു തന്നിരിക്കുന്നു. 2019 ലെ ഫൈനൽ ബെസ്റ്റ് എക്സാംപിളാണ്. ചെന്നൈയുടെ കയ്യിലിരിക്കേണ്ട കപ്പ് ഒറ്റ റണ്ണിനാണ് മുംബൈ തീരത്ത് റാഞ്ചി എത്തിച്ചത്. അവസാന ഓവറിൽ രോഹിത് പന്തേൽപ്പിച്ചത് ഫൈനലിൽ ഏറ്റവും കൂടുതൽ അടി വാങ്ങിയ ലസിത് മലിംഗയ്ക്ക്.. ഖദം ഖദം എന്ന് കരുതിയ ആരാധകരെ പോലും രോമാഞ്ചം കൊള്ളിച്ചൊരു പട്ടാഭിഷേകം. ഏത് ചെറിയ സ്കോറും പ്രതിരോധിക്കാനും ഏത് വമ്പൻ ടാർജറ്റും പിടിച്ചടക്കാനും കെൽപ്പുള്ള ടീമായിരുന്നു മുംബൈ.
Also Read: രോഹിത് ശര്‍മ ക്യാപ്റ്റന്‍; മുംൈബ ഇന്ത്യന്‍സ് നായകനായി തിരിച്ചെത്തി
ഇന്ത്യൻ നായകനിലേക്കുള്ള ഹിറ്റ്മാന്റെ വളർച്ചയ്ക്ക് വളവും വെള്ളവും ആയതും ഇതേ മുംബൈ തന്നെയാണ്. എന്നാൽ 2024 ൽ കൂടുവിട്ട് കൂട്മാറി ഹർദിക് വന്നതോടെ മുംബൈ കുടുംബത്തിന്റെ അടിത്തറ ഇളകി തുടങ്ങി. ആരും ഭയക്കുന്ന ടീമായി മുംബൈയെ വളർത്തിയെടുത്ത രോഹിത്തിനെ തഴഞ്ഞതാണ് ടീമിലുള്ളവരെ പോലും ചൊടിപ്പിച്ചത്. പിന്നീടുള്ള 3 സീസണുകളിൽ കണ്ട മുംബൈ നമുക്ക് പലർക്കും അപരിചിതമായിരുന്നു. കളിക്കളത്തിന് അകത്തും പുറത്തുമുള്ള പിണക്കങ്ങൾ, തമ്മിലടികൾ.
മുംബൈ ആർ ഘടകം എച്ച് ഘടകം എന്ന കളിയാക്കലുകൾ. ടീമിന്റെ പ്രകടനത്തെതന്നെ പലതും ബാധിച്ചു. ആരാധകരും അങ്ങേയറ്റം അസ്വസ്ഥരായി. കാര്യങ്ങൾ ഇങ്ങനെ പോകുന്നത് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് ഹർദിക്കിനെ പഞ്ചാബിന് കൊടുത്തതും, നായക കുപ്പായം രോഹിത്തിനെ ഏൽപ്പിച്ചതും. ഇനിയെന്തെങ്കിലുമൊക്കെ നടക്കും എന്ന കണക്കുകൂട്ടലിലാണ് ആരാധകർ. ഐപിഎല്ലിലെ ആറാം കിരീടം ആണ് ലക്ഷ്യം. പക്ഷേ അപ്പോളും മുംബൈ ഇന്ത്യൻസിന്റെ ഭാവി എന്തായിരിക്കുമെന്ന ചോദ്യം ബാക്കിയാണ്. 39 കാരനായ രോഹിത് ശർമ എത്രനാൾ നായകകുപ്പായത്തിലുണ്ടാകും? രോഹിത്തിന്റെ പിൻഗാമിയായി ആ ലെഗസി കാത്തുസൂക്ഷിക്കാൻ പോന്ന ഒരാളെ മുംബൈയ്ക്ക് കണ്ടെത്തിയേ തീരൂ.