lalit-modi-stadium

ഐപിഎല്‍ ടൂര്‍ണമെന്റിനിടെയുണ്ടാകുന്ന ഭൂരിഭാഗം ഓഫ്-ഫീൽഡ് വിവാദങ്ങളും മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയവയാണെന്ന് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. വ്യൂവര്‍ഷിപ്പ് റേറ്റിങ് കുറയുമ്പോള്‍ ഐപിഎല്‍ മാനേജ്മെന്‍റ് വാര്‍ത്തകളുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ലളിത് മോദി അഭിമുഖത്തില്‍ പറഞ്ഞു. 

എല്ലായിപ്പോഴും റേറ്റിങ് കുറയുമ്പോള്‍ ഞങ്ങള്‍ ഓരോ വിവാദങ്ങളുണ്ടാക്കും, അത് സ്വാഭാവികമായൊരു വിവാദമാണെന്ന് ആളുകള്‍ക്ക് തോന്നുമെങ്കിലും അങ്ങനെയല്ല എന്നാണ് ലളിത് മോദി പറഞ്ഞത്. 'എന്റെ കൂടെ ജീവനക്കാരും രാഷ്ട്രീയക്കാരും ആളുകളും ഉണ്ടായിരുന്നപ്പോള്‍ അതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു. ഒന്നും യാദൃശ്ചികമായി സംഭവിച്ചതല്ല' ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കി അഭിമുഖത്തിലായിരുന്നു ലളിത് മോദിയുടെ തുറന്നു പറച്ചില്‍.

ഐപിഎല്‍ സീസണിനിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ചിയര്‍ ലീഡറുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നില്‍ താനാണെന്നും അത് ടൂര്‍ണമെന്റിന്‍റെ റേറ്റിങ് ഉയര്‍ത്തിയെന്നും ലളിത് മോദി അവകാശപ്പെട്ടു. 'ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്ന ഒരു താരവും ചിയര്‍ലീഡറുമായി ബന്ധമുണ്ടായിരുന്നു. എനിക്ക് അതിനെ പറ്റി വിവരം ലഭിച്ചു. ഈ വിവരം ഞങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി, ഞങ്ങള്‍ക്കൊരു വിവാദം വേണമായിരുന്നു' എന്നിങ്ങനെയാണ് ലളിത് മോദിയുടെ വാക്കുകള്‍. 

പിന്നീട് ആ താരം ചിയര്‍ലീഡറെ വിവാഹം ചെയ്തെങ്കിലും അത് തങ്ങളുടെ തിരക്കഥയില്‍ ഇല്ലായിരുന്നു എന്നും ലളിത് മോദി പറഞ്ഞു. 'വാര്‍ത്ത പുറത്തുവിടാന്‍ മാത്രമായിരുന്നു ഞങ്ങളുടെ തിരക്കഥ, വിവാഹം ഞങ്ങളുടെ പദ്ധതിയല്ലായിരുന്നു. ഇതോടെ എല്ലാവരുടെയും ശ്രദ്ധ ഐപിഎല്ലിലേക്ക് തിരിഞ്ഞു. റേറ്റിങ് കുതിച്ചുയര്‍ന്നു. ഐപിഎല്ലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തൂണ്‍ വിവാദങ്ങളാണ്'. 

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഡ്രസിങ് റൂമിലിരുന്നും പഞ്ചാബ് കിങ്സ് താരം യുസ്‍‍വേന്ദ്ര ചഹല്‍ വിമാനത്തിനുള്ളിലും ഇ–സിഗരറ്റ് ഉപയോഗിച്ചത് വിവാദമായി. പഞ്ചാബ് കിങ്സിന്‍റെ അര്‍ഷദീപ് സിങ് മുബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയെ പറ്റി നടത്തിയ പരാമര്‍ശങ്ങളും വിവാദങ്ങളുടെ കൂട്ടത്തിലുണ്ട്. 

ENGLISH SUMMARY:

Former IPL Chairman Lalit Modi has made a startling revelation, claiming that most off-field controversies during the tournament are scripted to boost declining viewership ratings. In an interview with 'Humans of Bombay', Modi explained that whenever television ratings dropped, the management intentionally manufactured controversies to grab public attention, ensuring they appeared entirely natural. He admitted to leaking a story about a romantic involvement between a South African captain and a cheerleader specifically to drive media hype and spike tournament ratings. While the couple eventually married, Modi noted that the marriage was not part of their plan, emphasizing that controversy remains a fundamental pillar of the IPL's commercial success.