PTI
തുടര്‍ച്ചയായി രണ്ടാം ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഐപിഎല്‍ കരിയറിലെ തന്റെ വേഗമേറിയ അര്‍ധസെഞ്ചറിയുമായി കോലി കുതിച്ചപ്പോള്‍ കപ്പ് ആര്‍സിബിയുടെ കൈകകളിലേക്കെത്തി. വെങ്കിടേഷ് അയ്യരും വിരാട് കോലിയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ജയിക്കാന്‍ 156 റണ്‍സ് വേണ്ടിയിരുന്ന ആര്‍സിബിയെ ഒരു ഘട്ടത്തില്‍പ്പോലും പ്രതിരോധത്തിലാക്കാന്‍ ഗുജറാത്തിനു സാധിച്ചില്ല. റണ്‍റേറ്റ് താഴാതെ ഇരുവരും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. സ്കോര്‍ബോര്‍ഡ് 62 ല്‍ നില്‍ക്കെ വെങ്കിടേഷ് 32 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ ഒരു റണ്‍സെടുത്ത് പുറത്തായി. രജത് പാട്ടീദര്‍ 15 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ അതൊന്നും വിജയത്തിലേക്കുള്ള കുതിപ്പിനു തടസമായില്ല. 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യം മറികടന്നു. കോലി 42 പന്തുകളില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. അർധ സെഞ്ചറി നേടിയ വാഷിങ്ടന്‍ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 37 പന്തുകൾ നേരിട്ട വാഷിങ്ടൻ 50 റൺസുമായി പുറത്താകാതെനിന്നു. നിഷാന്ത് സിദ്ദു (18 പന്തിൽ 20), ജോസ് ബട്‌ലർ (23 പന്തിൽ 19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പവർപ്ലേയില്‍ 45 റൺസെടുക്കുന്നതിനിടെ ഗുജറാത്തിന് രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ആർസിബി ക്യാപ്റ്റൻ രജത് പാട്ടീദാർ ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്. ഗില്ലിന്റെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയ പന്ത്, മിഡ് ഓഫിൽനിന്ന് ഓടിയെത്തിയാണ് തകർപ്പൻ ഫീൽഡിങ്ങിലൂടെ പാട്ടീദാർ കൈക്കലാക്കിയത്. സായ് സുദർശനെ ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു. റാസിഖ് സലാമിന്റെ എട്ടാം ഓവറിലെ ആറാം പന്തിൽ നിഷാന്ത് സിദ്ദുവും മടങ്ങി.സ്കോർ 73 ൽ നിൽക്കെ ജോസ് ബട്‍ലറെ ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്തു പുറത്താക്കി.
കലാശപ്പോരിൽ പ്ലേയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ആർസിബി ഇറങ്ങിയത്. ഗുജറാത്ത് ടീമിൽ സായ് കിഷോറിനു പകരം അർഷദ് ഖാൻ ഇലവനിലെത്തി.