Untitled design - 1

AP

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. 30 റൺസിനാണ് മുംബൈയുടെ തോൽവി. ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു. ഇതോടെ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ പുറത്തായി. 27ന് നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.

 

വാങ്കഡേ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ, രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ അവസാനിക്കുകയായിരുന്നു. സീസണിലെ രണ്ടാം അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (42 പന്തിൽ 60), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 34), വിൽ ജാക്സ് (18 പന്തിൽ 33) എന്നിവർ മുംബൈയ്ക്കു വേണ്ടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസർ ജോഫ്ര ആർച്ചറാണ് മുംബൈ ഇന്നിങ്സിനെ തകർത്തത്. നാന്ദ്രെ ബർഗർ, യഷ് രാജ് പുഞ്ച എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ധ്രുവ് ജുറേൽ (26 പന്തിൽ 38) ആണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (15 പന്തിൽ 32), ദസുൻ ശനക (15 പന്തിൽ 29), യശസ്വി ജയ്‍സ്വാൾ (17 പന്തിൽ 27), രവീന്ദ്ര ജഡേജ (11 പന്തിൽ 19) എന്നിവരും സംഭാവനകൾ നൽകി.

ENGLISH SUMMARY:

Rajasthan Royals secured a playoff spot in IPL 2024 by defeating Mumbai Indians. This victory eliminated Punjab Kings and Kolkata Knight Riders from the tournament.