image Credit: instagram.com/imsanjusamson, X

ചെപ്പോക്കില്‍ തിങ്കളാഴ്ച സണ്‍റൈസേഴ്സ്–ചെന്നൈ പോരാട്ടത്തിനിടെയ ഹെന്‍​റിച്ച് ക്ലാസനും സഞ്ജു സാംസണുമായുണ്ടായ തര്‍ക്കം പറഞ്ഞു തീര്‍ത്തു. 'കളിക്കിടെ അങ്ങനെ പലതും സംഭവിക്കുമെന്നും പക്ഷേ ക്ലാസന്‍ മുത്താണെ'ന്നുമായിരുന്നു സഞ്ജു, താരത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ക്ലാസനോട് സ്നേഹാദരങ്ങളാണുള്ളത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതേ ചിത്രം പങ്കിട്ട ക്ലാസന്‍, നീ കളിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണെന്നും നമ്മളെല്ലാം പൊളിയല്ലേ, അടുത്ത കളിയില്‍ കാണാ'മെന്നും കുറിക്കുകയായിരുന്നു.

കളിയുടെ പതിനഞ്ചാം ഓവറിലായിരുന്നു സഞ്ജുവിനോട് ക്ലാസന്‍ ഉടക്കിയത്. ചെന്നൈ സ്പിന്നര്‍ നൂര്‍ അഹമ്മദ് എറിഞ്ഞ പന്തില്‍ മിന്നല്‍ സ്റ്റംപിങിലൂടെ സഞ്ജു ക്ലാസനെ പുറത്താക്കി. ഇതിന് പിന്നാലെയാണ് ഡഗൗട്ടിലേക്ക് പോകാന്‍ നേരം സഞ്ജുവിനടുത്തെത്തി ക്ലാസന്‍ എന്തോ പറഞ്ഞത്. സാധാരണഗതിയില്‍ ശാന്തനായി കാണുന്ന സഞ്ജു പക്ഷേ പ്രതികരിച്ചു. ഇതോടെ ശിവം ദുബെയും നൂര്‍ അഹമ്മദും അംപയറുമെത്തി ഇരുവരെയും അനുനയിപ്പിച്ച് വിടുകയായിരുന്നു. സഞ്ജുവിന്റെ ഭാഗത്ത് നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായ പെരുമാറ്റമുണ്ടായതോടെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ നിറഞ്ഞു. ഇതോടെയാണ് ഇരുവരും സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കിട്ടിരിക്കുന്നത്.

നിര്‍ണായക മല്‍സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചതോടെ സണ്‍റൈസേഴ്സ് സുഗമമായി പ്ലേ ഓഫ് ഉറപ്പിച്ചു. ചെപ്പോക്കിലെ സ്ലോ പിച്ചില്‍ ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം ക്ഷമയോടെയാണ് ഹൈദരാബാദ് കീഴടക്കിയത്. 26 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ക്ലാസനും ക്ലാസിക് പ്രകടനവുമായി ഇഷാന്‍ കിഷനും നിലയുറപ്പിച്ചതോടെ മൂന്നാം വിക്കറ്റില്‍ 75 റണ്‍സ് പിറന്നു. 19–ാം ഓവറില്‍ ഹൈദരാബാദ് ലക്ഷ്യം കാണുകയും ചെയ്തു. 18 പോയിന്‍റുമായി ആര്‍സിബിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 16 പോയിന്‍റാണ് ഹൈദരാബാദിനും ഗുജറാത്തിനുമുള്ളത്. 

ENGLISH SUMMARY:

Chennai Super Kings captain Sanju Samson and Sunrisers Hyderabad batter Heinrich Klaasen have put an end to their on-field animosity by sharing a heartwarming photograph together on social media following their heated exchange at Chepauk. The rare conflict transpired during the 15th over of the high-stakes match when Samson executed a lightning-fast stumping off spinner Noor Ahmad's delivery to dismiss the dangerous South African batsman. While walking back to the dugout, a visibly frustrated Klaasen approached Samson with some words, prompting an unusually fiery reaction from the otherwise calm Indian wicketkeeper before Shivam Dube and the umpires stepped in to diffuse the tension. Moving past the competitive heat, Samson posted that such incidents are natural during a game and called Klaasen a "gem," to which Klaasen affectionately replied that he loves watching Samson play and looks forward to their next battle. On the cricketing front, Hyderabad chased down Chennai’s competitive target of 181 runs on a challenging slow pitch to comfortably seal their playoff berth, remaining closely tied with Gujarat at 16 points while RCB continues to lead the table with 18 points.