Image credit: PTI( Left), x/Krunal
മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ പകരം വയ്ക്കാനില്ലാത്ത പോരാട്ട വീര്യമാണ് ആര്‍സിബി താരം ക്രുനാല്‍ പാണ്ഡ്യ പുറത്തെടുത്തത്. രണ്ടുവട്ടം പരുക്കേറ്റിട്ടും നിലത്ത് വീണ് കിടന്നും താരം പൊരുതി. ആ പോരാട്ടം പാഴായതുമില്ല. ഇപ്പോഴിതാ വയറില്‍ പന്ത് വന്നിടിച്ച് ചതവേറ്റതിന്‍റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം. 'ചില മുറിവുകള്‍ പോരാട്ടത്തിന്‍റെ മൂല്യം തെളിയിക്കുന്നതാണ്'' എന്നായിരുന്നു ചിത്രത്തിനൊപ്പം ക്രുനാല്‍ കുറിച്ചത്.
46 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് വീരോചിത പ്രകടനമാണ് താരം കാഴ്ചവച്ചത്. വയറില്‍ അതിശക്തിയോടെ പന്ത് വന്നിടിച്ചതും വേദന കൊണ്ട് പുളഞ്ഞ ക്രുനാലിന് ഓടാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പന്ത് അടിച്ച് പറത്തിയതിന് പിന്നാലെ ക്രീസില്‍ വേദന കൊണ്ട് കിടന്നുപോയ ക്രുനാലിന്‍റെ ദൃശ്യങ്ങള്‍ ആരാധകരിലും അന്ന് നോവായിരുന്നു. അഞ്ച് സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. കഠിന വേദന സഹിച്ചാണ് താന്‍ ബാറ്റ് ചെയ്തതെന്നും ആദ്യം കാലിലെ പേശി വലിച്ചുപിടിച്ചുവെന്നും അത് മെല്ലെ പിന്‍ഭാഗത്തേക്കും പുറത്തേക്കും കയറിയെന്നും താരം പോസ്റ്റ് മാച്ച് പ്രസന്‍റേഷനില്‍ വെളിപ്പെടുത്തിയിരുന്നു.
ദിനേഷ് കാര്‍ത്തികിന്‍റെ മാര്‍ഗനിര്‍ദേശമാണ് മികച്ച പ്രകടനത്തിലേക്ക് നയിച്ചതെന്ന് ക്രുനാല്‍ പറഞ്ഞു. 'ബോളര്‍മാരിലേക്ക് കളി എത്തിയാല്‍ ലക്ഷ്യം കീഴടക്കാമെന്ന് മനസില്‍ ഉറയ്ക്കണമെന്നും ഓവറിലെ ആറ് പന്തും മികച്ച രീതിയില്‍ കളിക്കണമെന്നുമായിരുന്നു ഉപദേശം. ആ സാഹചര്യത്തില്‍ ഞാന്‍ അതിന് തയാറെടുത്തു. വേദന സഹിക്കാവുന്നതിനും അപ്പുറമായതിനാല്‍ സിംഗിളും ഡബിളും എടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ നിന്ന നില്‍പ്പില്‍ നിന്ന് നേരിടുമെന്നും പറ്റുന്നതിലെല്ലാം സ്കോര്‍ ചെയ്യുമെന്നും ഞാന്‍ ഉറപ്പിച്ചു'. ഓരോ വ്യക്തികളെയും പ്രത്യേകമായി പരിഗണിച്ച് അവരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും മനസിലാക്കിയാണ് ദിനേശ് കാര്‍ത്തിക് പ്ലാന്‍ തയാറാക്കിയതെന്നും തന്‍റെ പ്രകടനത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഡികെയ്ക്കാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
മുംബൈക്കെതിരായ മല്‍സരത്തില്‍ ഒരുഘട്ടത്തില്‍ 39/3 എന്ന നിലയിലേക്ക് വീണ ആര്‍സിബിയെ ക്രുനാലാണ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി തകര്‍ച്ചയില്‍ നിന്ന് കയറ്റുകയും ജയത്തിന് വഴിയൊരുക്കുകയും ചെയ്തത്. നിലവില്‍ 14 പോയിന്‍റുമായി ആര്‍സിബി ഒന്നാമതാണ്.