ഐപിഎല്ലില്‍ വേഗതയേറിയ അര്‍ധസെഞ്ചറിയുമായി റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഉര്‍വില്‍ പട്ടേല്‍. 13 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച ഉര്‍വില്‍ രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ‍്വാളിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിനെതിരായ മത്സരത്തിലാണ് ഉര്‍വിലിന്‍റെ റെക്കോര്‍ഡ് നേട്ടം. 

നേരിട്ട ആദ്യ എട്ടു പന്തുകളില്‍ ആറിലും സിക്സറിച്ചാണ് ഉര്‍വില്‍ അര്‍ഝ സെഞ്ചറി നേടിയത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു സാംസണ്‍ (28) പുറത്തായതോടെയാണ് ഉര്‍വില്‍ പട്ടേല്‍ ക്രീസിലെത്തിയത്. ആദ്യ പന്ത് സിംഗളെടുത്ത് തുടങ്ങിയ ഉര്‍വില്‍ അടുത്ത ഓവറില്‍ ആവേശ് ഖാനെ അവസാന മൂന്നു പന്തിലും സിക്സടിച്ചു. തൊട്ടടുത്ത ഓവറില്‍ ദിഗ്വേശ് സിങിനായിരുന്നു പ്രഹരം. നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്സ്. അടുത്ത പന്ത് ഫോര്‍. ഓവര്‍ അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു സിക്സും ഉര്‍വില്‍ നേടി. 

മുഹമ്മദ് ഷാമി എറിഞ്ഞ അടുത്ത ഓവറില്‍ ഉര്‍വില്‍ അര്‍ധ സെഞ്ചറി തികച്ചു. ആദ്യ പന്തില്‍ റണ്‍സ് നേടിയില്ലെങ്കിലും രണ്ടാം പന്ത് സിക്ടിച്ചു. വീണ്ട് സിംഗിള്‍. ഏഴാം ഓവറിലെ അവസാന പന്തില്‍ സിംഗളോടെയാണ് ഉര്‍വില്‍ അര്‍ധ സെഞ്ചറി നേടിയത്. ഈ വെടിക്കെട്ടില്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് പവര്‍പ്ലേയില്‍ 97 റണ്‍സ് നേടി. ഐപിഎല്ലില്‍ 10 പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവുമായി ഉര്‍വില്‍. 42 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. 41 റണ്‍സ് നേടിയ എബി ഡിവില്ലേഴ്സ്, യശസ്വി ജയ്‍സ്വാള്‍ എന്നിവരെയാണ് മറികടന്നത്. 

അര്‍ധ സെഞ്ചറി നേടിയ ശേഷം അച്ഛന് സമര്‍പ്പിച്ചായിരുന്നു ഉര്‍വിലിന്‍റെ പ്രകടനം. കൈകൾ കൂപ്പി പ്രാർത്ഥിച്ച ശേഷം പോക്കറ്റിൽ നിന്നും 'ഇത് പപ്പയ്ക്കായി' എന്ന് കുറിപ്പും ഉര്‍വില്‍ പുറത്തെടുത്തു. ഗുജറാത്തിയിൽ മറ്റ് ചില വരികളും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, 65 (23) റണ്‍സുമായി ഉര്‍വില്‍ പുറത്തായി. ഷഹബാസ് അഹമ്മദിന്‍റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു വിക്കറ്റ്. രണ്ട് ഫോറും എട്ട് സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. 

ENGLISH SUMMARY:

Chennai Super Kings' Urvil Patel has equaled the record for the fastest half-century in IPL history, reaching the milestone in just 13 balls against Lucknow Super Giants. Patel matched Yashasvi Jaiswal's long-standing record by smashing six sixes in his first eight balls, helping CSK post a massive 97 runs in the powerplay. During this explosive knock, he also set a new record for most runs scored in a 10-ball span (42 runs), surpassing legends like AB de Villiers. After reaching his fifty, he shared an emotional moment by dedicating the achievement to his father with a handwritten note kept in his pocket.