ചെന്നൈയില്‍ രാവിലെ നടന്ന വിജയ്‍യുടെ സത്യപ്രതിജ്ഞയും വൈകീട്ടത്തെ ഐപിഎല്‍ മത്സരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ ബന്ധം കാണില്ലെങ്കിലും സോഷ്യല്‍ ലോകത്ത് രണ്ടും ബന്ധപ്പെടുത്തിയാണ് ചര്‍ച്ച. മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ സത്യപ്രതിജ്ഞ ചടങ്ങിലെ സുരക്ഷാ ഉദ്യോഗസ്ഥനും ചെന്നൈ സൂപ്പര്‍ കിങ്സ് താരം അൻഷുൽ കാംബോജും തമ്മിലുള്ള മുഖ്യസാദൃശ്യമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
'പൊലീസുകാരന്‍ കംബോജിന്റെ' ചിത്രം എക്സില്‍ ട്രെന്‍ഡിങാണ്. ആരാധകരുടെ ആവേശം ആര്‍. അശ്വിന്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്. 'ഡ്യൂട്ടിക്ക് എപ്പോഴും മുന്‍ഗണന നല്‍കണം, ജയിക്കേണ്ട മത്സരത്തില്‍ ഇതിത്തിരി കൂടതലാണ്' എന്നാണ് അശ്വിന്‍ തമാശയായി എക്സില്‍ കുറിച്ചത്. മാച്ച് ഡേ ആണെന്നും വേഗമൊരു ക്യാബ് എടുത്ത് ചെപ്പോക്കിലേക്ക് എത്തണമെന്നും അശ്വിന്‍ കുറിപ്പില്‍ കാംബോജിനോട് ആവശ്യപ്പെടുന്നുണ്ട്.
എക്സിലെ താമശ ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റെടുത്തു. ആരും പേടിക്കേണ്ട അൻഷുൽ കാംബോജ് ഇവിടെയുണ്ടെന്ന തലക്കെട്ടോടെ പന്തെറിഞ്ഞ് പരിശീലിക്കുന്ന താരത്തിന്‍റെ വിഡിയോ ടീം എക്സില്‍ പങ്കിട്ടു.
മത്സരത്തില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്കായി കാംബോജ് രണ്ടു വിക്കറ്റ് എടുത്തു. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സ് പവര്‍പ്ലേയിലെ മികച്ച തുടക്കത്തിന് ശേഷം പിന്നോട്ട് പോയി. എങ്കിലും അവസാന ഓവറിലെ സ്കോറിങില്‍ 20 ഓവറില്‍ 203 റണ്‍സാണ് ലഖ്നൗ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്സിനെ സംബന്ധിച്ചിടത്തോളം വിജയം നിര്‍ണായകമായ മത്സരമാണിത്. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടീമിന് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് ജയിക്കണം.