ഐപിഎല്ലില്‍ വിജയ വഴിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സഞ്ജു സാംസണിന്‍റെ സെന്‍സിബിള്‍ ഇന്നിങ്സോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്. 156 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ 17.3 ഓവറില്‍ 159 റണ്‍സെടുത്തു. 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവാണ് കളിയിലെ താരം. ഏഴു ഫോറും ആറു സിക്സും സഞ്ജു നേടി. സെഞ്ചറിയടിക്കാന്‍ സാധിക്കുന്ന മത്സരത്തില്‍ അത് ഒഴിവാക്കിയതിലെ കാരണം പറയുകയാണ് സഞ്ജു.
സെഞ്ചറിയടിക്കണമെങ്കില്‍ ഇന്നലെ സ്വാര്‍ഥനാകേണ്ടിയിരുന്നു എന്നാണ് സഞ്ജു മത്സര ശേഷം പറഞ്ഞത്. സെഞ്ചറിയേക്കാള്‍ മികച്ചതാണോ ഇന്നലത്തെ ഇന്നിങ്സ് എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ഒരിക്കലുമല്ല, സെഞ്ചറിയാണ് എപ്പോഴും സ്പെഷ്യല്‍ എന്ന് സഞ്ജു മറുപടി നല്‍കി. ഇന്നലെ സെഞ്ചറി നേടാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെ എന്ന ചോദ്യത്തിന് സഞ്ജുവിന്‍റെ മറുപടി ഇങ്ങനെ
'സെഞ്ചറിയടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് അല്‍പം സ്വാര്‍ഥനാകേണ്ടിയിരുന്നു. മല്‍സരം വിജയിക്കുന്നതിനെ പറ്റിയാണ് ചിന്തിച്ചത്. ഒപ്പമുള്ള താരവും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ സിംഗിളെടുക്ക് എനിക്ക് സെഞ്ചറിയടിക്കാം എന്ന് പറയാന്‍ ആഗ്രഹിച്ചില്ല. നോട്ടൗട്ടായി കളിച്ച് മടങ്ങുന്നത് സംതൃപ്തി നല്‍കുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇനിയുമുണ്ട് മത്സരങ്ങള്‍ സെഞ്ചറി നേടമോ എന്ന് നോക്കാം' എന്നാണ് സഞ്ജു പറഞ്ഞത്.
കാര്‍ത്തിക് ശര്‍മയാണ് സഞ്ജുവിനൊപ്പം വിജയകൂട്ടുകെട്ട് തീര്‍ത്തത്. 31 പന്തില്‍ 41 റണ്‍സാണ് യുവതാരം നേടിയത്. നാലു ഫോറും രണ്ട് സിക്സറും കാര്‍ത്തിക് നേടി. മൂന്നാം വിക്കറ്റില്‍ സഞ്ജുവും കാര്‍ത്തിക്കും ചേര്‍ന്ന് 114 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തായി. പത്തു കളികളില്‍ നിന്നും 10 പോയിന്‍റാണ് ചെന്നൈയ്ക്കുള്ളത്. മേയ് പത്തിന് ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.