ഐപിഎല്‍ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഇ–സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് പിഴ ശിക്ഷ. ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെരിറ്റ് പോയിന്‍റുമാണ് ശിക്ഷ വിധിച്ചത്. പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനിടെയായിരുന്നു ഡ്രസിങ് റൂമില്‍ റിയാന്‍ പരാഗിന്‍റെ സിഗരറ്റ് വലി.
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.21 പ്രകാരം, കളിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന ലെവല്‍ 1 കുറ്റകൃത്യമായാണ് റിയാന്‍ പരാഗിന്‍റെ പ്രവൃത്തിയെ പരിഗണിച്ചത്. ഐപിഎല്‍ ചട്ടങ്ങള്‍ പ്രകാരം ലെവല്‍ 1 കുറ്റ കൃത്യങ്ങള്‍ക്ക് 25 ശതമാനം മാച്ച് ഫീയും ഒരു ഡീമെറിറ്റ് പോയിന്‍റുമാണ് ശിക്ഷ. ഇതുപ്രകാരം മാച്ച് റഫറി അമിത് ശര്‍മയാണ് പിഴ ചുമത്തിയത്. റിയാന്‍ പരാഗ് കുറ്റം സമ്മതിച്ചിരുന്നു.
പഞ്ചാബ് കിങ്സിനെതിരെ മുള്ളൻപൂരിൽ നടന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിംഗ്‌സിലാണ് പരാഗ് ഇ-സിഗരറ്റ് വലിച്ചത്. മത്സരം സംപ്രേക്ഷണം ചെയ്യുന്നതിനിടെ ഡ്രസ്സിംഗ് റൂമിനുള്ളിൽ ക്യാപ്റ്റന്‍ പുക വലിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. വിഡിയോ പ്രചരിച്ചതോടെയാണ് ഐപിഎല്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്. ഓൺ-ഫീൽഡ് അംപയർമാരായ തന്മയ് ശ്രീവാസ്തവയും നിതിൻ മേനോനും ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെയാണ് നടപടി വന്നത്.
അതേസമയം, സംഭവത്തില്‍ മാച്ച് റഫറിക്കെതിരെ ബിസിസിഐ നടപടിയെടുത്തേക്കാം എന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ക്രിക്കറ്റിന്‍റെ പേരിന് കളങ്കം വരുത്തുന്ന നിരോധിത ഉത്പ്പന്നങ്ങള്‍ പരിശോധന കൂടാതെ അനുവദിച്ചു എന്ന കുറ്റത്തിനാകും നടപടി. 2019 ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക ഇന്ത്യയില്‍ നിരോധനമുണ്ട്.