ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ രജത് പാട്ടിദാറിന്‍റെ വിക്കറ്റിനെ ചൊല്ലി വിവാദം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജെയ്സന്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെങ്കിലും വിക്കറ്റ് അനുവദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തേഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തി.
മത്സരത്തിന്‍റെ എട്ടാം ഓവറിലാണ് സംഭവം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജെയ്സന്‍ ഹോള്‍ഡറും കാഗിസോ റബാഡയും ക്യാച്ചിനായി ഓടിയെത്തി. റബാഡ എടുക്കുമെന്ന തോന്നിച്ച ക്യാച്ച് ഹോള്‍ഡര്‍ കൈപ്പിടിയിലൊതുക്കി. എന്നാല്‍ റബാഡയുമായി കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ഹോള്‍ഡര്‍ നിലത്ത് വീണു. പന്ത് കൈക്കലാക്കിയ ശേഷം ഹോള്‍ഡറുടെ കൈ നിലത്ത് തട്ടിയിരുന്നു എന്ന് റിപ്ലേയില്‍ നിന്നും വ്യക്തമാണ്.
പന്തുള്ള കൈയാണ് നിലത്ത് തട്ടിയതെന്ന് വിഡിയോയില്‍ വ്യക്തമാണെങ്കിലും തേഡ് അംപയര്‍ ഔട്ട് വിധച്ചു. നിലത്ത് തട്ടിയത് സംബന്ധിച്ച് സൂഷ്മ പരിശോധന നടത്തിയില്ലെന്നതാണ് ആര്‍സിബി താരങ്ങളുടെ ആരോപണം. സൈഡ്‌ലൈനിൽ നിന്ന് ഓൺ-ഫീൽഡ് അംപയര്‍മാരോട് കോലി ചൂടാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 15 പന്തില്‍ 19 റണ്‍സുമായാണ് പാട്ടിധര്‍ പുറത്തായത്. രണ്ട് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.