angkrish-raghuvanshi

ലഖ്നൗ സൂപ്പര്‍ ജെയന്‍റ്സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തന്‍ നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാന്‍ അങ്ക്രിഷ് രഘുവംശിയുടെ പുറത്താകല്‍ വിവാദത്തില്‍. ഫീല്‍ഡിങ് തടസപ്പെടുത്തിയതിനാണ് അങ്ക്രിഷ് പുറത്തായത്. പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. അസാധാരണ വിക്കറ്റിനെ ചൊല്ലി ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും തര്‍ക്കമുണ്ടായി. 

പ്രിന്‍സ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം അങ്ക്രിഷ് സിംഗിളിനായി ശ്രമം നടത്തി. എന്നാല്‍ മറുവശത്തുണ്ടായ കാമറൂണ്‍ ഗ്രീന്‍  നിരുത്സാഹപ്പെടുത്തിയതോടെ അങ്ക്രിഷ് ക്രീസിലേക്ക് തിരികെ ഓടി. ഇതിനിടെ ലഖ്നൗ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിലേക്ക് വന്ന ത്രോ അങ്ക്രിഷിന്‍റെ കാലില്‍ തട്ടിയതാണ് ഔട്ട് വിളിക്കാന്‍ കാരണം. ഋഷഭ് പന്തും മുഹമ്മദ് ഷാമിയും അപ്പീല്‍ െചയ്തതോടെ തേഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. 

ബാറ്റർ ഓടുന്നതിനിടയിൽ ത്രോ വിക്കറ്റ് കീപ്പറിലേക്ക് എത്താൻ അനുവദിച്ചില്ലെന്ന് കണ്ടാണ് അംപയര്‍ ഔട്ട് വിളിച്ചത്. തീരുമാനത്തിനെതിരെ അങ്ക്രിഷ് ഓണ്‍– ഫീല്‍ഡ് അംപയര്‍മാരുമായി തര്‍ക്കിച്ചു. ദേഷ്യത്തോടെ ഹെൽമെറ്റ് വലിച്ചെറിഞ്ഞുകൊണ്ടാണ് അങ്ക്രിഷ് നിരാശ പ്രകടിപ്പിച്ചത്. ഇതേസമയം, കൊല്‍ക്കത്തയുടെ പരിശീലകന്‍ അഭിഷേക് നായർ  നാലാം അംപയറുമായും വിഷയത്തെ പറ്റി തര്‍ക്കിച്ചു.

രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റിങ് നിര തകരുന്ന സമയത്താണ് കൊല്‍ക്കത്തയ്ക്ക് അങ്ക്രിഷിനെയും നഷ്ടപ്പെട്ടത്. എട്ടു പന്തില്‍ ഒരു ബൗണ്ടറി സഹിതം ഒന്‍പത് റണ്‍സാണ് അങ്ക്രിഷ് നേടിയത്. ഇതിനു മുന്‍പ് മൂന്നു പേരാണ് ഐപിഎല്ലില്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് പുറത്തായത്. 2013 ല്‍ കെകെആര്‍ താരം യൂസഫ് പത്താനും ഡല്‍ഹി താരം അമിത് മിശ്രയും അതേ രീതിയില്‍ പുറത്തായിരുന്നു.  2024 സീസണില്‍ ചെന്നൈ താരം രവീന്ദ്ര ജഡേജയും ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് പുറത്തായിരുന്നു. 

ENGLISH SUMMARY:

Kolkata Knight Riders' batsman Angkrish Raghuvanshi was involved in a heated controversy after being given out for "obstructing the field" during a match against Lucknow Super Giants. The incident occurred in the fifth over when a throw towards wicketkeeper Rishabh Pant struck Raghuvanshi’s leg as he attempted to return to his crease. Despite protests from the batsman and coach Abhishek Nayar, the third umpire upheld the appeal made by Pant and Mohammed Shami. Raghuvanshi is now the fourth player in IPL history to be dismissed in this rare fashion, joining the likes of Yusuf Pathan, Amit Mishra, and Ravindra Jadeja.