Image: X
ആദ്യ ബോളില്‍ തന്നെ ആദ്യ വിക്കറ്റ്, പ്രിയപ്പെട്ട അമ്മ മകനില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമെന്നു തോന്നുന്ന വിധത്തില്‍ സിഎസ്കെ താരത്തിന്റെ വൈകാരിക ഭാവം. നേരെ മുഖം ആകാശത്തേക്ക് ഉയര്‍ത്തി ‘ഇതെന്റെ അമ്മയ്ക്കെന്ന്’ അയാള്‍ ആത്മഗതം പറഞ്ഞുകാണും. ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ മുകേഷ് ചൗധരിയുടെ ആ വൈകാരിക നിമിഷത്തില്‍ മറ്റു താരങ്ങള്‍ക്കും കാണികള്‍ക്കും പല അര്‍ത്ഥങ്ങളും കാണാനായി.
ഒരു വര്‍ഷം നീണ്ട രോഗാവസ്ഥയ്ക്കു ശേഷം മുകേഷ് ചൗധരിയുടെ അമ്മ ഈയാഴ്ചയാണ് വിടപറഞ്ഞത്. ജന്മനാടായ ഭിൽവാരയിൽ അമ്മയ്ക്കായി അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിനായി മുകേഷ് തിരിച്ചെത്തിയത്. തന്റെ ആദ്യ പന്തില്‍ തന്നെ ക്വിന്റൺ ഡി കോക്കിനെ പുറത്താക്കി.വിക്കറ്റിന് ശേഷം അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും വിധത്തിലുള്ള ആംഗ്യം.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് മുംബൈയ്ക്ക് സംഭവിച്ചത്.103 റൺസിന്റെ ആധികാരിക ജയമാണ് ചെന്നൈ നേടിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് വിജയം മുകേഷിന് സമർപ്പിച്ചു, വ്യക്തിപരമായ നഷ്ടത്തിനിടെയിലും മുകേഷിന്റെ പ്രഫഷണലിസത്തെയും ക്യാപ്റ്റന്‍ പ്രശംസിച്ചു. കര്‍ക്കശക്കാരനായ ബൗളറാണ് മുകേഷെന്ന് ഋതുരാജ് പറഞ്ഞു.
മുംബൈയ്ക്കെതിരായ മത്സരത്തില്‍ മുകേഷിന്റെ അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സിഎസ്കെ താരങ്ങള്‍ കറുത്ത റിബണ്‍ കെട്ടിയാണ് ഇന്നലെ ഗ്രൗണ്ടിലിറങ്ങിയത്. ഇതിലൂടെ മുകേഷിന്റെ കുടുംബത്തിന് ടീമിന്റെ അനുശോചനസന്ദേശം കൂടി നല്‍കുകയായിരുന്നു ലക്ഷ്യം. 2022 ലാണ് മുകേഷ് ചൗധരി ഐപിഎല്ലിൽ സിഎസ്‌കെയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആ സീസണില്‍ താരം 16 വിക്കറ്റുകള്‍ നേടി. ഇതുവരെയുള്ള ഐപിഎല്‍ കരിയറില്‍ 17 മത്സരങ്ങളിൽ നിന്ന് ആകെ 19 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം. 46 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയതാണ് മുകേഷിന്റെ ഐപിഎല്‍ കരിയറിലെ മികച്ച നേട്ടം.