സഞ്ജു സാംസൺ ഒറ്റയ്ക്കു നേടിയ റൺസ് അടിച്ചെടുക്കാൻ പോലും മുംബൈ ബാറ്റർമാർ വിയർത്തപ്പോൾ ചെന്നൈയ്ക്ക് 103 റൺസിന്റെ കൂറ്റൻ ജയം. തങ്ങളുെട ഹോം ഗ്രൗണ്ടിൽ ചെന്നൈ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മുംബൈ ഇന്നിങ്സ് 19 ഓവറിൽ 104 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു
നാല് വിക്കറ്റ് കരീബിൻ സ്പിന്നിർ അകീൽ ഹുസൈനാണ് മുംബൈയെ കറക്കിവീഴ്ത്തിയത്. നൂർ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് ചൗധരി, അൻഷുൽ കംബോജ്, ജാമി ഓവർടൺ, ഗുർജപ്നീത് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ഇന്നിങ്സിൽ സൂര്യകുമാർ യാദവ് (30 പന്തിൽ 36), തിലക് വർമ (29 പന്തിൽ 37) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈ അഞ്ചാം സ്ഥാനത്തായി. മുംബൈ എട്ടാമതാണ്.
മറുപടി ബാറ്റിങ്ങിൽ, രണ്ടാം പന്തിൽ തന്നെ അകീൽ ഹൊസൈനെ സിക്സറിനു പറത്തി ക്വിന്റൻ ഡികോക്ക് മുംബൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ആ ഓവറിലെ അവസാന പന്തിൽ തന്നെ ഓപ്പണർ ഡാനിഷ് മലേവാറിനെ (0) വീഴ്ത്തി അകീൽ തിരിച്ചടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പവർപ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൻ ഡികോക്ക് (10 പന്തിൽ 7), നമൻ ധീർ (0) എന്നിവരുടെ വിക്കറ്റുകൾ കൂടി വീണു. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 29 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ–തിലക് സഖ്യം 73 റൺസ് കൂട്ടിച്ചേർത്തെങ്കിലും വിജയത്തിലേക്കുള്ള ‘മൊമന്റം’ ഒരിക്കലും നൽകിയില്ല. 12–ാം ഓവറിൽ തിലകിനെ ക്ലീൻബൗൾഡാക്കി അകീൽ തന്നെയാണ് വീണ്ടും ചെന്നൈയ്ക്കു ബ്രേത് ത്രൂ നൽകിയത്.
തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യ (2 പന്തിൽ 1), ഷെർഫെയ്ൻ റൂഥർഫോർഡ് (0) എന്നിവരെ നൂർ അഹമ്മദും പുറത്താക്കി. ഇതോടെ മുംബൈ തോൽവി പൂർണമായും സമ്മതിച്ചു. 14–ാം ഓവറിൽ സൂര്യകുമാറിനെ മടക്കിയതും അകീൽ തന്നെയാണ്. ക്രിഷ് ഭഗത് (15 പന്തിൽ 7), ഷാർദൂൽ ഠാക്കൂർ (12 പന്തിൽ 6), ജസ്പ്രീത് ബുമ്ര (5 പന്തിൽ 2) എന്നിവരുടെ കൂടി പുറത്തായതോടെ ചെന്നൈയ്ക്ക് സീസണിലെ മൂന്നാം ജയം.