സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പത്തു റണ്‍സ് തോല്‍വിക്ക് കാരണം കൂടോത്രമോ? മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ആരാധകന്‍ വിചിത്രമായ കൈമുദ്രകളും ഭാവങ്ങളും കാണിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഇതിന് പിന്നാലെ ശിവം ദുബൈയുടെ വിക്കറ്റ് വീണു. ഇതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്ക്ക് കാരണം. 

ആയുഷ് മാത്രെയും ഋതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് ചെന്നൈയുടെ സ്കോര്‍ 66 ലെത്തിച്ചപ്പോഴാണ് ആയുഷിന് പരുക്കേല്‍ക്കുന്നതും പുറത്താകുന്നതും. നാലോവറില്‍ 66-1 എന്ന നിലയിലാണ് ആയുഷ് മാത്രെയ്ക്ക് പരുക്കേല്‍ക്കുന്നത്. പരുക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ആയുഷ് 30 റണ്‍സെടുത്ത് പുറത്തായി. തൊട്ടടുത്ത ഓവറില്‍ ഗെയ്ക് വാദിനെയും ചെന്നൈയ്ക്ക് നഷ്ടമായി. മാത്യൂ ഷോർട്ടും സർഫറാസ് ഖാനും 46 റൺസിന്‍റെ കൂട്ടുകെട്ട് കൂട്ടിച്ചേർത്തെങ്കിലും ഇഷാൻ മലിംഗ ഇരുവരെയും പുറത്താക്കി. ശേഷം ടീമിന് തിരിച്ചുവരാന്‍ സാധിച്ചില്ല. 

മത്സരത്തിനിടെ ഹൈദരാബാദ് ആരാധകന്‍ ഗ്യാലറിയിലിരുന്ന് നാരങ്ങയില്‍ മന്ത്രങ്ങള്‍ ചൊല്ലുന്ന വിഡിയോക്ക് പിന്നാലെയാണ് ചെന്നൈ ആരാധകര്‍ കൂടോത്രം ആരോപിക്കുന്നത്. കണ്ടുനിന്നവർ തമാശരൂപേണ ഇതിനെ ബ്ലാക്ക് മാജിക് എന്ന് വിളിച്ചതോടെ സംഗതി സോഷ്യൽ മീഡിയയിൽ സംസാരമായി. 

ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബിസിസിഐയ്ക്ക് പരാതി നല്‍കിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷ്യപ്പെട്ടു. ബ്ലാക്ക് മാജിക് ചെന്നൈ താരങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടുത്തിയെന്നും വിക്കറ്റുകള്‍ വീഴാന്‍ കാരണമായെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. ഇത് ചെന്നൈ ഔദ്യോഗികമായി നല്‍കിയതാണോ എന്ന് വ്യക്തതയില്ല. 

ENGLISH SUMMARY:

Chennai Super Kings' loss to Sunrisers Hyderabad is being discussed online due to a viral video of a fan performing what appears to be black magic. This incident, along with player dismissals, has led to speculation about supernatural influences on the match outcome.