rcb-vs-dc-wins

ഐപിഎലില്‍  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ‍ഡല്‍ഹി ‌ക്യാപിറ്റല്‍സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് മറികടന്നത്. ഡല്‍ഹിക്കായി  കെ.എല്‍.രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും അര്‍ധസെഞ്ചുറി നേടി. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലര്‍ 10 പന്തില്‍ 22 റണ്‍സെടുത്തു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ അര്‍ധസെഞ്ചുറിയാണ് ആദ്യം ബാറ്റുചെയ്ത  ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. വിരാട് കോലി 19ഉം ദേവ്‌ദത്ത് പടിക്കല്‍ 18ഉം റണ്‍സെടുത്ത് പുറത്തായി.

kl-rahul-batting

ആര്‍സിബിക്കെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം കെ.എല്‍.രാഹുലിന്‍റെ ബാറ്റിങ്

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളുരുവിന് 20 ഓവറില്‍ 8 വിക്കറ്റിന് 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. നന്നായി തുടങ്ങിയ ആതിഥേയരെ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്ന സ്പിന്‍ ദ്വയമാണ് പിടിച്ചുകെട്ടിയത്. പവര്‍പ്ലേ ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളുരു അഞ്ചോവറില്‍ 50 റണ്‍സ് പിന്നിട്ടു. എന്നാല്‍ സ്കോര്‍ 52ല്‍ നില്‍ക്കേ വിരാട് കോലി പുറത്തായത് തിരിച്ചടിയായി. 13 പന്തില്‍ മൂന്ന് ഫോറുകള്‍ ഉള്‍പ്പെടെ 19 റണ്‍സായിരുന്നു കോലിയുടെ സംഭാവന.

virat-kohli-rcb

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വിരാട് കോലിയുടെ ബാറ്റിങ്; കോലി 19ന് പുറത്തായി

കോലിക്ക് പകരമെത്തിയ ദേവ്‍ദത്ത് പടിക്കലും തുടക്കത്തില്‍ തിളങ്ങി. 13 പന്തില്‍ ഒരു സിക്സും ഒരു ഫോറും പായിച്ച് 18 റണ്‍സ് നേടിയ പടിക്കലിനെ ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ഡേവിഡ് മില്ലറിന്‍റെ കൈകളില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ഫില്‍ സോള്‍ട്ടിനെ വീഴ്ത്തി കുല്‍ദീപ് യാദവ് കളി തിരിച്ചു! 38 പന്തില്‍ 63 റണ്‍സായിരുന്നു സോള്‍ട്ടിന്‍റെ സംഭാവന. 3 സിക്സും 4 ഫോറുമടങ്ങിയ തകര്‍പ്പന്‍ ഇന്നിങ്സ്. മിന്നുംഫോമിലുള്ള ക്യാപ്റ്റന്‍ രജത് പടിദാറാണ് സോള്‍ട്ടിന് പകരമെത്തിയത്. സിക്സറടിച്ച് രജത് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ നേരിട്ട എട്ടാം പന്തില്‍ മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങി.

phil-salt-rcb

ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചറി നേടിയ ആര്‍സിബി താരം ഫില്‍ സോള്‍ട്ട്

കുല്‍ദീപ് യാദവും അക്സറും ചേര്‍ന്ന് റണ്ണൊഴുക്ക് തടഞ്ഞതോടെ പിന്നീടങ്ങോട്ട് ആര്‍സിബി സമ്മര്‍ദത്തിലായി. ടിം ഡേവിഡും കൂറ്റനടിക്കാരന്‍ റൊമാരിയോ ഷെപ്പേഡും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ആതിഥേയര്‍ പതറി. 26 റണ്‍സെടുത്ത ടിം ഡേവിഡിനെ അക്സറും ഒരുറണ്‍ മാത്രമെടുത്ത ഷെപ്പേഡിനെ കുല്‍ദീപും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നുള്ള 23 റണ്‍സിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ക്രുണാല്‍ റണ്ണൗട്ടായി. ജിതേഷിനെ എന്‍ഗിഡി വീഴ്ത്തി. ബെംഗളൂരു സ്കോര്‍ 175 റണ്‍സില്‍ അവസാനിച്ചു. റസിഖ് സലാമും ഭുവനേശ്വര്‍ കുമാറും പുറത്താകാതെ നിന്നു.

rcb-delhi-review

തേഡ് അംപയറുടെ തീരുമാനത്തിന് കാത്തുനില്‍ക്കുന്ന ആര്‍സിബി, ഡല്‍ഹി താരങ്ങള്‍

മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്ത അക്സര്‍ പട്ടേലാണ് ഡല്‍ഹി ബോളര്‍മാരില്‍ മികച്ചുനിന്നത്. കുല്‍ദീപ് നാലോവറില്‍ 32 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 34 റണ്‍സിന് ഒരുവിക്കറ്റെടുത്ത മുകേഷ് കുമാറും മികവുപുലര്‍ത്തി. 

rcb-celebrates-wicket

കരുണ്‍ നായരുടെ വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറിനെയും ഫില്‍ സോള്‍ട്ടിനെയും അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

മറുപടി ബാറ്റിങ്ങിൽ പേസർ ഭുവനേശ്വർ കുമാർ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. ‍പതും നിസംഗ, (ഒന്ന്), കരുൺ നായർ (അഞ്ച്), സമീർ റിസ്‍വി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് തുടക്കത്തിലേ നഷ്ടമായത്. എന്നാല്‍ രാഹുലും, ട്രിസ്റ്റൻ സ്റ്റബ്സും എത്തിയതോടെ പവര്‍പ്ലേയിൽ തന്നെ ഡൽഹി 50 ല്‍ എത്തി. അര്‍ധ സെഞ്ചറി നേടിയ രാഹുലിനെ സ്കോർ 87ൽ നിൽക്കെ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ ക്യാപ്റ്റൻ അക്ഷർ പട്ടേൽ (26) പരുക്കേറ്റു പുറത്തായി. അർധ സെഞ്ചറിയുമായി തുടര്‍ന്ന ട്രിസ്റ്റൻ സ്റ്റബ്സും ഡേവിഡ് മില്ലറുമാണ് ഡല്‍ഹിയെ പിന്നീട് പിടിച്ചുയര്‍ത്തിയത്. 20–ാം ഓവറിൽ 15 റൺസായിരുന്നു വിജയലക്ഷ്യം. ഒരു പന്തു ബാക്കി നില്‍ക്കെയായിരുന്നു ഡൽഹിയുടെ വിജയം. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തെത്തി. ബെംഗളൂരു രണ്ടാമത് തുടരുകയാണ്.

IPL 2026: Delhi Capitals Edge Past RCB in Thriller; KL Rahul & Stubbs Shine:

Delhi Capitals secured a thrilling six-wicket victory over Royal Challengers Bangalore at the M. Chinnaswamy Stadium. Chasing a target of 176, DC reached the mark with one ball to spare, thanks to half-centuries from KL Rahul and Tristan Stubbs, followed by a late cameo from David Miller. Earlier, RCB posted 175/8, riding on Phil Salt's explosive 63, but were choked by the spin duo of Axar Patel and Kuldeep Yadav. Despite Bhuvneshwar Kumar’s early three-wicket haul for RCB, Delhi recovered brilliantly in the powerplay. The win boosts Delhi's standing in the tournament while RCB faces a tough road ahead after this narrow defeat.