ഐപിഎല്ലില്‍ ഡല്‍ഹിയെ  23 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സിനു ടൂര്‍ണമെന്റിലെ ആദ്യ ജയം. സെഞ്ചറി നേടിയ സഞ്ജു സാംസണ്‍ ആണ് മല്‍സരത്തിലെ താരം . ചെന്നൈ 212/2, ഡല്‍ഹി 189

 

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിച്ചപ്പോഴും ഒന്നു മാത്രമാണ് കയ്യകലെ സഞ്ജുവിനു നഷ്ടമായത്; സെഞ്ചറി. ആ നഷ്ടം ഐപിഎലിൽ സഞ്ജു തീർത്തു. മൂന്നു മത്സരങ്ങളിലെ ബാറ്റിങ് പരാജയത്തിനു മറുപടിയായി മൂന്നക്കമെന്ന മാന്ത്രികസഖ്യ സഞ്ജു കടന്നു. ഐപിഎലിൽ തന്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കന്നി സെഞ്ചറിയും. ഈ ഐപിഎൽ സീസണിലും ഒരു താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. 

 

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡ‍ൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി. ഇന്നിങ്സിലാകെ നാല് സിക്സും 15 ഫോറുമാണ് താരം അടിച്ചത്. 26 പന്തിൽനിന്നാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. ഈ ഐപിഎൽ സീസണിൽ ആദ്യമായാണ് താരം ഒറ്റയക്ക സ്കോർ പിന്നിട്ടത്. ആദ്യ മൂന്നു മത്സരങ്ങളിൽ 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോർ.

 

സഞ്ജുവിനെ (56 പന്തിൽ 115*) കൂടാതെ, അർധസെഞ്ചറി നേടിയ ആയുഷ് മാത്രെയുടെയും (36 പന്തിൽ 59) അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയുടെയും (10 പന്തിൽ 20*) മികവിൽ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് ചെന്നൈ കുറിച്ചത്. ഡൽഹിക്ക് 213 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (18 പന്തിൽ 15) വിക്കറ്റാണ് ചെന്നൈയ്ക്കു നഷ്ടമായത്. 18–ാം ഓവറിനിടെ ആയുഷ് റിട്ടയർഡ് ഔട്ടാകുകയായിരുന്നു. ശിവം ദുബെയെ കളത്തിലിറക്കുന്നതിനു വേണ്ടിയാണ് ആയുഷ് റിട്ടയറായത്.

 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കു സഞ്ജു മികച്ച തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ പന്തു മുതൽ ‘ടച്ചിൽ’ ആണെന്ന സൂചന നൽകിയ താരം, സിക്സറുകൾക്ക് പകരം ബൗണ്ടറികളിലൂടെയാണ് സ്കോർ കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്. പവർപ്ലേയിൽ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. പവർപ്ലേയ്ക്കു തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ (18 പന്തിൽ 15) വിക്കറ്റ് ചെന്നൈയ്ക്കു നഷ്ടമായി. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഗെയ്‍ക്‌വാദിനെ പാത്തും നിസങ്കയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

ENGLISH SUMMARY: