Punjab Kings' captain Indian cricket player Shreyas Iyer fields during the 2026 Indian Premier League (IPL) T20 match between Chennai Super Kings and Punjab Kings at the MA Chidambaram Stadium in Chennai on April 3, 2026. (Photo by R.Satish BABU / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ചെന്നൈക്കെതിരായ മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന ജയം നേടിയെങ്കിലും പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കഷ്ടകാലം ഒഴിയുന്നില്ല. സ്​ലോ ഓവര്‍ റേറ്റിന് 24 ലക്ഷം രൂപയാണ് ശ്രേയസിന് പിഴ ലഭിച്ചിരിക്കുന്നത്. സീസണില്‍ ഇത് രണ്ടാം തവണയാണ് ഐപിഎല്‍ ചട്ടം പഞ്ചാബ് കിങ്സ് തെറ്റിക്കുന്നത്. ഐപിഎല്‍ നിയമത്തിലെ വകുപ്പ് അനുസരിച്ച് ശിക്ഷ ശ്രേയസില്‍ മാത്രം ഒതുങ്ങില്ല. ഇംപാക്ട് പ്ലെയര്‍ പ്രിയാന്‍ഷ് ആര്യ ഉള്‍പ്പടെ പ്ലേയിങ് ഇലവനും അതിലൊരു പങ്ക് കിട്ടും. ആറുലക്ഷം രൂപയോ ആകെ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് അത് നല്‍കേണ്ടേി വരും. 

സീസണില്‍ ഇത് രണ്ടാം തവണയാണ് സ്​ലോ ഓവറിന്‍റെ പേരില്‍ പ്രതിക്കൂട്ടിലാകുന്നതെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടിയുണ്ടാവില്ല. വരുന്ന മല്‍സരങ്ങളില്‍ പിഴവ് ആവര്‍ത്തിച്ചാലും ക്യാപ്റ്റനെ ഐപിഎലില്‍ നിന്ന് വിലക്കില്ല. കഴിഞ്ഞ സീസണില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്നാണ് ഈ ആനുകൂല്യം ലഭിക്കുക. സീസണില്‍ മൂന്ന് വട്ടം സ്​ലോ ഓവറിന് ശിക്ഷ ലഭിച്ചാല്‍ ക്യാപ്റ്റന് ഒരു മാസത്തെ വിലക്കും നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. 

ഐസിസി തയാറാക്കിയ ചട്ടമാണ് നിലവില്‍ ഐപിഎലിന് ബാധകമാക്കിയിരിക്കുന്നത്. പുതുക്കിയ ചട്ടത്തില്‍ ഡീമെറിറ്റ് പോയിന്‍റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കളിക്കാരനോ, ഒഫീഷ്യലിനോ എതിരെ സ്വീകരിക്കുന്ന നടപടിക്ക് 36 മാസത്തെ പ്രാബല്യമാണുണ്ടാവുക. ഡീമെറിറ്റ് പോയിന്‍റുകള്‍ വര്‍ധിച്ചാല്‍ സസ്പെന്‍ഷനും കടുത്ത അച്ചടക്ക നടപടിക്കും കാരണമാകും. 

ഗ്രൗണ്ടിലെ മെല്ലെപ്പോക്കിന് തല്ല് കിട്ടിയെങ്കിലും ചെന്നൈക്കെതിരെ ചെപ്പോക്കില്‍ മിന്നുന്ന പ്രകടനമാണ് പഞ്ചാബ് കിങ്സ് പുറത്തെടുത്തത്. ചെന്നൈ കെട്ടിപ്പൊക്കിയ 210 റണ്‍സിന്‍റെ വിജയലക്ഷ്യം അനായാസം പഞ്ചാബ് മറികടന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് പഞ്ചാബ് സ്വീകരിച്ചത്. 11 പന്തില്‍ 39 റണ്‍സാണ് പ്രിയാന്‍ഷ് ആര്യ അടിച്ചുകൂട്ടിയത്. ഇത് ചെന്നൈയെ സമ്മര്‍ദത്തിലാക്കി. റണ്‍റേറ്റ് കളിയിലുടനീളം വരുതിയില്‍ നിര്‍ത്താനും പഞ്ചാബിന് കഴിഞ്ഞു. മറുവശത്ത് ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചറിയോടെ ടീമിനെ ഉറപ്പിച്ചു. ചെന്നൈ ബോളര്‍മാര്‍ക്കാവട്ടെ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം മുതലാക്കാനുമായില്ല. 18.4 ഓവറില്‍ പഞ്ചാബ് വിജയം കാണുകയും ചെയ്തു.

ENGLISH SUMMARY:

Punjab Kings captain Shreyas Iyer has been fined ₹24 lakh for a second slow over-rate offense during the IPL 2026 match against Chennai Super Kings. Along with the captain, members of the playing XI, including impact player Priyansh Arya, face a fine of ₹6 lakh or 25% of their match fee. While previous rules mandated a ban for a third offense, updated ICC-aligned IPL regulations now focus on demerit points and financial penalties. Despite the fine, Punjab Kings secured a dominant victory at Chepauk, chasing down 210 runs in just 18.4 overs.