Image Credit: AFP/ PTI
രാജസ്ഥാന്‍റെ പിങ്ക് കുപ്പായത്തിലാണ് രവീന്ദ്ര ജഡേജ ഇന്നലെ കളിക്കാനിറങ്ങിയത്. പഴയ ടീമായ ചെന്നൈക്കെതിരായ മല്‍സരത്തില്‍ 18 റണ്‍സ് വഴങ്ങി താരം രണ്ട് വിക്കറ്റും വീഴ്ത്തി. 'പിങ്ക് കൊള്ളാം, രസമുണ്ട്, മഞ്ഞ് പഴകിപ്പോയി' എന്ന തമാശയും മല്‍സരശേഷം താരം പങ്കുവച്ചു. 12–13 വര്‍ഷങ്ങള്‍ ചെന്നൈക്ക് വേണ്ടി കളിച്ച ശേഷം അവര്‍ക്കെതിരെ പന്തെറിയുന്നത് ഏറെ വൈകാരികമായിരുന്നുവെന്നും എന്നാല്‍ ആ ചിന്തകളെ താന്‍ മറികടന്നുവെന്നും താരം വെളിപ്പെടുത്തി. താന്‍ ആദ്യമായി ഐപിഎല്‍ കിരീടം നേടിയ ടീമിനൊപ്പമാണിന്ന് എന്നുള്ളത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും താരം പറഞ്ഞു.
കളി കഴിഞ്ഞ ശേഷം ജിയോ ഹോട്സ്റ്റാറിനോട് സംസാരിക്കവേ ധോണിയെ കുറിച്ച് താരം നടത്തിയ പരമാര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ടീം മാറിയ ശേഷം ധോണിയോട് സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിന് 'ഇല്ല, സംസാരിച്ചിരുന്നില്ല. മഹി ഭായിയുടെ ഫോണ്‍ എപ്പോഴും സ്വിച്ച്ഡ് ഓഫാണ്' എന്നായിരുന്നു ജഡേജയുടെ മറുപടി. നേരില്‍ കാണുമ്പോള്‍ ധാരാളം സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു.
ശിവം ദുബെയുടെയും സര്‍ഫറാസ് ഖാന്റെയും വിക്കറ്റെടുത്തത് താന്‍ ആസ്വദിച്ചുവെന്നും ജഡേജ വെളിപ്പെടുത്തി. ദുബെയെ തനിക്ക് ദീര്‍ഘകാലമായി അറിയാമെന്നും , ഉറപ്പായും ദുബെ കൂറ്റനടികള്‍ക്ക് മുതിരുമെന്നും അതുകൊണ്ട് തന്നെ താന്‍ അത് കണക്കാക്കിയാണ് പന്തെറിഞ്ഞതെന്നും താരം പറഞ്ഞു.
വിക്കറ്റ് അല്‍പ്പം പറ്റിപ്പിടിക്കുന്നതും പന്ത് കുത്തിത്തിരിയുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും അതുകൊണ്ട് ബോളിങ് താന്‍ നന്നായി ആസ്വദിച്ചുവെന്നും ജഡേജ പറയുന്നു. കൃത്യമായ സ്ഥലങ്ങളിലേക്ക് പന്തെറിയുക മാത്രമായിരുന്നു വേണ്ടത്. ബാക്കി പിച്ച് തുണച്ചു'– താരം കൂട്ടിച്ചേര്‍ത്തു. കളിയില്‍ ചേസിങിന്റെ പ്രാധാന്യത്തെ കുറിച്ചും ചേസിങില്‍ അച്ചടക്കം വേണ്ടതിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചു. 'ക്രിക്കറ്റില്‍ ഒന്നും നിസാരമായി കാണാന്‍ കഴിയില്ല. കഠിനാധ്വാനവും സമ്പൂര്‍ണ സമര്‍പ്പണവും ഉണ്ടെങ്കിലേ ഫലപ്രാപ്തിയുണ്ടാകുകയുള്ളൂ'വെന്നും താരം വ്യക്തമാക്കി.
മൂന്ന് വട്ടം ചെന്നൈ കിരീടം നേടിയ ടീമില്‍ (2018,2021,2023) ജഡേജയും അംഗമായിരുന്നു. 150 വിക്കറ്റുകളും 2300 റണ്‍സുമാണ് ചെന്നൈക്കായി താരം നേടിയത്. രാജസ്ഥാനില്‍ തനിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചതെന്നും താരം പറഞ്ഞു. ടീമിലെല്ലാം പുതുമുഖങ്ങളാണെന്നും പരിശീലനത്തിലടക്കം അതിന്റെ പ്രസരിപ്പ് പ്രകടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.