Royal Challengers Bengaluru's Virat Kohli celebrates his century during the Indian Premier League cricket match between Royal Challengers Bengaluru and Kolkata Knight Riders in Raipur, India, Wednesday, May 13, 2026. (AP Photo/Abhijit Addya)

Royal Challengers Bengaluru's Virat Kohli celebrates his century during the Indian Premier League cricket match between Royal Challengers Bengaluru and Kolkata Knight Riders in Raipur, India, Wednesday, May 13, 2026. (AP Photo/Abhijit Addya)

‌60 പന്തില്‍ 105 റണ്‍സ്! ചേസ് മാസ്റ്റര്‍ കിങ് കോലി യാത്ര തുടരുകയാണ്. ഐപിഎലിലെ ഒന്‍പതാം സെഞ്ചറിയാണ് കൊല്‍ക്കത്തയ്ക്കെതിരെ കോലി നേടിയത്. കോലിയുടെ സെഞ്ചറിക്കരുത്തില്‍ കെകെആറിനെതിരെ ആറുവിക്കറ്റ് ജയം നേടിയ ആര്‍സിബി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. സെഞ്ചറിയോടെ ട്വന്‍റി 20യില്‍ 14000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരവും കോലിയായി. 

തുടര്‍ച്ചയായി രണ്ടുവട്ടം പൂജ്യത്തിന് പുറത്തായ ശേഷം ഇന്നലെ കളിക്കാനിറങ്ങി ആദ്യ റണ്‍ നേടിയപ്പോള്‍ മുഷ്ടി ചുരുട്ടി ആഘോഷിച്ചായിരുന്നു കോലി തുടങ്ങിയത്. ആ നില്‍പ് ടീമിനെ ജയത്തിലെത്തിക്കുവോളം താരം ഉറച്ച് നിന്നു. 11 ഫോറുകളും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. കളിക്ക് ശേഷം കോലി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്ക് ആശങ്കയാകുന്നത്. ടീമിനായി കളിക്കാനാണ് താന്‍ ശ്രദ്ധിച്ചതെന്നും അതുകൊണ്ട് തന്നെ സെഞ്ചറി ആഘോഷത്തിലായിരുന്നില്ല ഊന്നലെന്നും താരം പറഞ്ഞു. 'ഏറ്റവും മികച്ച കളി പുറത്തെടുക്കുകയെന്നതാണ് എപ്പോഴും എന്റെ ലക്ഷ്യം. അത് സെഞ്ചറിയോടെയോ അല്ലാതെയോ എന്നല്ല, കളി ജയിപ്പിക്കുക, അതു മാത്രമാണ് മുന്നില്‍'– കോലി പറഞ്ഞു.  സമ്മര്‍ദം ഒരു ആനുകൂല്യമാണെന്നും അത് നിങ്ങളെ സൗമ്യരാക്കുമെന്നുമെല്ലാം ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്നും നല്ല സമ്മര്‍ദം കളി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും താരം വ്യക്തമാക്കി. ' ഞാനല്‍പം പരിഭ്രമത്തിലായിരുന്നു. ലക്ഷ്യം നേടണമെന്ന് മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. അതിന് ഒരുപാട് പരിശ്രമം ആവശ്യമായിരുന്നു. പക്ഷേ അത് കളിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പായിരുന്നു. പരാജയങ്ങളും ഇതില്‍ പ്രധാനമാണ്. ആ വീഴ്ചകളാണ് നിങ്ങളെ നിങ്ങളാക്കുന്നതും ലക്ഷ്യത്തിലേക്ക് നയിക്കുന്നതും'- താരം വിശദീകരിച്ചു. 

ബാറ്റിങ് താന്‍ ആസ്വദിച്ച് ചെയ്യുന്നതാണെന്നും ക്രിക്കറ്റ് തനിക്കേറെ ഇഷ്ടമാണെന്നും കോലി ആവര്‍ത്തിച്ചു. പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ക്രിക്കറ്റിനോടുള്ള അദമ്യമായ പ്രണയത്തെ കുറിച്ച് കോലി മനസ് തുറന്നത്. 'ഇതുവരെ എത്താന്‍ കഴിഞ്ഞതില്‍, ഏറ്റവും മികച്ചതായി നില്‍ക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. എന്‍റെ ഹൃദയവും ആത്മാവും നല്‍കിയാണ് ഞാന്‍ കളിക്കുന്നത്. ഇതൊരു ദിവസം തീരാനുള്ളതാണെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചത്, അത് സമ്മര്‍ദത്തിലായാലും പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്. കടുത്തസമ്മര്‍ദത്തിലും എന്നെ തന്നെ വെല്ലുവിളിച്ച് ആ ലക്ഷ്യത്തിലെത്താന്‍ അതെന്നെ സഹായിക്കാറുണ്ട്. വ്യക്തിയെന്ന നിലയില്‍ വളരാന്‍ സ്പോര്‍ട്സ് നിങ്ങളെ സഹായിക്കും, നിങ്ങളുടെ സ്വഭാവത്തെ പരുവപ്പെടുത്തും. ഇക്കാലമത്രയും ക്രിക്കറ്റിനോടുള്ള ഇഷ്ടമാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. പന്ത് ബാറ്റ് കൊണ്ട് അടിച്ചു പറത്തുന്നത് ഞാനിഷ്ടപ്പെട്ടു. അത് തരുന്ന ആഹ്ലാദം ഇന്നും ഉള്ളിലുണ്ട്. അതിന് ഞാന്‍ സര്‍വശക്തനോട് നന്ദിയുള്ളവനാണ്'- കോലി പറഞ്ഞു. 

മഴ കാരണം ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച മല്‍സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത അംഗ്ക്രിഷ് രഘുവംശിയുടെ ബലത്തിലാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്. റിങ്കു സിങും കാമറൂണ്‍ ഗ്രീനും പിന്തുണച്ചോടെ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു.  മറുപടി ബാറ്റിങിനിറങ്ങിയ ആര്‍സിബി ആറു വിക്കറ്റിന്‍റെ ജയം നേടുകയായിരുന്നു.  രാജ്യാന്തര ക്രിക്കറ്റില്‍ ഏകദിനത്തില്‍ മാത്രമാണ് കോലി ഇപ്പോള്‍ കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2025 മേയ് 12നും ട്വന്‍റി 20 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 2024 ല്‍ ഇന്ത്യ ട്വന്‍റി 20 കിരീടം നേടിയതിന് പിന്നാലെയും താരം വിരമിച്ചിരുന്നു. ഇതും കോലി മതിയാക്കുമോയെന്ന ആശങ്കയാണ് കോലി ആരാധകര്‍ പങ്കുവയ്ക്കുന്നത്.

ENGLISH SUMMARY:

Virat Kohli, the "Chase Master," continued his stellar form by scoring his 9th IPL century, leading RCB to a six-wicket victory over KKR and propelling them to the top of the points table. Scoring 105 off 60 balls, Kohli also became the first Indian cricketer to cross the 14,000-run milestone in T20 cricket. However, his post-match comments sparked retirement rumors when he mentioned, "I know this is going to end one day," while reflecting on his passion and the effort he puts into every game. He emphasized that his focus remains on winning games for the team rather than celebrating personal milestones, viewing pressure as a privilege that helps him evolve. Despite KKR setting a formidable target of 193 behind Angkrish Raghuvanshi’s 71, Kohli’s masterclass ensured RCB stayed on their path to the playoffs.