ഐപിഎല്ലില്‍ ചെന്നൈയുടെ കുപ്പായത്തിലുള്ള ആദ്യ മല്‍സരത്തില്‍ ആരാധകരെ നിരാശരാക്കി സഞ്ജു സാംസൺ. പത്തുവർഷത്തിലേറെയായി രാജസ്ഥാൻ റോയൽസിന്റെ മുഖമായിരുന്ന സഞ്ജു പുതിയ സീസണിലെ ആദ്യ മത്സരത്തിൽ തന്‍റെ പഴയ ടീമിനെതിരെയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിനായി ഇറങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്യുന്ന ചെന്നൈയുടെ രണ്ടാം ഓവറിലാണ് സഞ്ജു പുറത്തായത്.

ഏഴു പന്തിൽ ആറു റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പേസർ നാന്ദ്രെ ബർഗറുടെ പന്തില്‍ സഞ്ജു ക്ലീൻ ബൗൾഡാവുകയായിരുന്നു. സഞ്ജുവിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദും പുറത്തായി. 11 പന്തിൽ 6 റണ്‍സാണ് ഋതുരാജ് ഗെയ്‌ക്‌വാദ് നേടിയത്. പിന്നാലെ ആയുഷ് മാത്രെയും മാത്യു ഷോര്‍ട്ടും പുറത്തായി.

സർഫറാസ് ഖാനെയും ശിവം ദുബെയെയും ഒരേ ഓവറിൽ രവീന്ദ്ര ജഡേജ പുറത്താക്കി. സർഫറാസ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു. ദുബെ ആദ്യ പന്തിൽ ആറ് റൺസ് നേടിയെങ്കിലും രണ്ടാം പന്തിൽ പുറത്തായി. കാര്‍ത്തിങ് ശര്‍മ്മയും എൽബിഡബ്ല്യുവിൽ പുറത്തായി.  12 ഓവറുകൾ പിന്നിടുമ്പോൾ സി‌എസ്‌കെ 82/7 എന്ന നിലയില്‍ പരുങ്ങുകയാണ്. ജെയ്മി ഓവർട്ടണും നൂർ അഹമ്മദുമാണ് ചെന്നൈക്കായി ക്രീസിലുള്ളത്.

മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെയും രാജസ്ഥാൻ ജഴ്സിയിൽ രവീന്ദ്ര ജഡേജയുടെയും അരങ്ങേറ്റ മത്സരമാണിതെന്ന പ്രത്യേകതയുണ്ട്. ട്വന്റി20 ലോകകപ്പിനു ശേഷം സഞ്ജുവിന്റെ ആദ്യ മത്സരം കൂടിയാണിത്. അതേസമയം അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയിൽ പരിക്കു കാരണം എംഎസ് ധോണി ഇല്ല.

ENGLISH SUMMARY:

Sanju Samson's first outing in Chennai Super Kings colors ended in disappointment as he was dismissed for just 6 runs off 7 balls against his former team, Rajasthan Royals. Bowled by Nandre Burger, Sanju's exit was followed by skipper Ruturaj Gaikwad's dismissal, leaving CSK struggling at 30/3 in the early overs. This match also marks Ravindra Jadeja's debut for Rajasthan Royals and Riyan Parag's first match as RR captain in the 2026 IPL season.