New Delhi 2025 June 01 : Punjab Kings\' bowler Yuzvendra Chahal celebrates the wicket of Mumbai Indians\' batter Suryakumar Yadav during the Indian Premier League (IPL) 2025 Qualifier 2 cricket match between Mumbai Indians and Punjab Kings, at the Narendra Modi Stadium, in Ahmedabad . @ Rahul R Pattom
മദ്യപാനം അവസാനിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹല്‍. ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ചഹലിന്‍റെ വെളിപ്പെടുത്തല്‍. പഞ്ചാബ് കിങ്സില്‍ തന്റെ 'പുതിയ' തുടക്കമാകും ഇതെന്ന് ചഹല്‍ ഡിവില്ലിയേഴ്സിന്‍റെ യൂട്യൂബ് ചാനലിലാണ് വെളിപ്പെടുത്തിയത്. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ചുവെന്നാണ് ചഹല്‍ പറയുന്നത്. 'ശരീരം ആദ്യം നോക്കണമെന്ന് മനസ് എന്നോട് പറഞ്ഞു. ഒരു സന്തോഷവാര്‍ത്തയും പങ്കുവയ്ക്കാനുണ്ട്. മദ്യപിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. ആറുമാസത്തിലേറെയായി മദ്യപിച്ചിട്ടില്ല. ഇപ്പോള്‍ 35 വയസുണ്ട്. കുറേക്കൂടി ഊര്‍ജസ്വലനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടീമിനായി 150 ശതമാനവും നല്‍കണം. മുതിര്‍ന്ന ബോളെറെന്ന നിലയില്‍ ഞാന്‍ ഐപിഎലിനിറങ്ങുമ്പോള്‍ , എന്നെ കാണുമ്പോള്‍ ' അവനില്‍ നിന്ന് ചിലത് പഠിക്കാനുണ്ടെന്ന്' ആളുകള്‍ പറയണം' ചഹല്‍ തുറന്ന് പറയുന്നു.
വ്യക്തിപരമായും പ്രഫഷനല്‍ രംഗത്തും കടുത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ചഹല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ കടന്നുപോയത്. ട്വന്‍റി20യില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറെന്ന നേട്ടത്തിന്‍റെ വക്കിലെത്തിയ ചഹലിന് നൂറ് തികയ്ക്കാനായില്ല. ടീമില്‍ പോലും ഇടം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങി. 96 വിക്കറ്റുകളാണ് ചഹലിന്‍റെ സമ്പാദ്യം. വ്യക്തിജീവിതത്തിലും പ്രയാസമുണ്ടായി. നടിയും മോഡലുമായ ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറഞ്ഞു. മദ്യപിച്ച് കാല്‍ നിലത്തുറയ്ക്കാത്ത ചഹലിനെ സഹതാരങ്ങള്‍ താങ്ങിയെടുത്ത് കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കി.
തിരിച്ചടികളില്‍ നിന്നെല്ലാം ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരുങ്ങുകയാണ് ചഹലെന്ന് സുഹൃത്തുക്കളും പറയുന്നു. പഞ്ചാബ് കിങ്സിന് വേണ്ടി 14 മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ചഹല്‍ നേടിയത്. 9.56 ശതമാനമായിരുന്നു ഇക്കോണമി. സീസണിലെ വിക്കറ്റ് വേട്ടക്കാരിലും ചഹലായിരുന്നു ഒന്നാമന്‍. ഫൈനലില്‍ ആര്‍സിബിയോട് തോറ്റാണ് പഞ്ചാബ് കിങ്സ് പുറത്തായത്. ഫൈനലില്‍ മാര്‍ക്കോ യാന്‍സന്‍ ഇല്ലാതിരുന്നതാണ് വിനയായതെന്നും യാന്‍സന്‍ ഉണ്ടായിരുന്നുവെങ്കില്‍ കിരീടം പഞ്ചാബ് നേടിയേനെയെന്നും ചഹല്‍ പറയുന്നു.
174 മല്‍സരങ്ങളില്‍ നിന്നായി 221 വിക്കറ്റുകളുമായി ചഹലാണ് ഐപിഎലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബ് കിങ്സിന്‍റെ ആദ്യ മല്‍സരം.