Cricket - Indian Premier League - IPL - Mumbai Indians v Delhi Capitals - Wankhede Stadium, Chennai, India - May 21, 2025 Delhi Capitals' Mustafizur Rahman celebrates with Faf du Plessis and Mukesh Kumar after taking the wicket of Mumbai Indians' Rohit Sharma, caught out by Abishek Porel REUTERS/Francis Mascarenhas
ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎലില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനം ബിസിസിഐ പിന്‍വലിച്ചെന്നും തിരികെ വിളിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കിയെന്നും വ്യാപക അഭ്യൂഹം. ഐപിഎല്‍ മിനി ലേലത്തില്‍ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത വാങ്ങിയ താരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്‍റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഈ സീസണില്‍ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ലേലത്തില്‍ മുസ്തഫിസുറിനെ എടുത്തതിന്‍റെ പേരില്‍ കെകെആര്‍ സഹതാരം ഷാറൂഖ് ഖാനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. മുസ്തഫിസുര്‍ വിഷയത്തോടെ ബിസിസിഐയും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ വിടുന്നില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിച്ചു. ഇക്കാര്യം ഐസിസിയെയും രേഖാമൂലം അറിയിച്ചു. ബംഗ്ലദേശിന്‍റെ മല്‍സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബിസിബിയുടെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ തന്നെയേ മല്‍സരങ്ങള്‍ നടത്തുകയുള്ളൂവെന്നും വേദി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഐസിസിയുടെ മറുപടി. ഐപിഎല്‍ മല്‍സരങ്ങളുടെ സംപ്രേഷണവും ബംഗ്ലദേശ് വിലക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്.
ഇതിനിടയിലാണ് മുസ്തഫിസുറിനെ തിരിച്ചുവിളിച്ചേക്കുമെന്നത് സംബന്ധിച്ച് വ്യാപകമായി ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രചരിക്കുന്നതെന്നാണ് ബിസിബി പ്രസിഡന്‍റ് പറയുന്നത്. 'ഐപിഎലിലേക്ക് മുസ്തഫിസുറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു കത്തിടപാടുകളോ വാക്കാലുള്ള ചര്‍ച്ചയോ ഉണ്ടായിട്ടില്ല. ബിസിബിയിലും ഇക്കാര്യം ചര്‍ച്ചയായിട്ടില്ല. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്'- ബിസിബി പ്രസിഡന്‍റ് ബുള്‍ബുള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
മുസ്തഫിസുറിനെ വിലക്കിയതിനെതിരെ ഇന്ത്യയിലും ചര്‍ച്ചകള്‍ ഉണ്ടായി. ബിസിസിഐ ഉന്നതരുമായി കൂടിയാലോചിക്കാതെയാണ് മുസ്തഫിസുര്‍ വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും വര്‍ഗീയതയ്ക്ക് സ്പോര്‍ട്സില്‍ ഇടമില്ലെന്നും മുന്‍താരങ്ങളടക്കം പ്രതികരിക്കുകയും ചെയ്തു.
ട്വന്‍റി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്നും മുന്‍ ബംഗ്ലദേശ് ബാറ്ററായ തമിം ഇക്ബാല്‍ ബിസിബിയോട് ആവശ്യപ്പെട്ടു. അല്‍പം ഗുരുതരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത്. പക്ഷേ ചര്‍ച്ചകളിലൂടെ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ കഴിയും. എല്ലാവരും തയാറാവണമെന്ന് മാത്രം'– എന്നാണ് തമിം ക്രിക്ബസിനോട് പറഞ്ഞത്. 'ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലദേശ് എവിടെ നില്‍ക്കുന്നുവെന്നും എന്താണ് ബംഗ്ലദേശ് ക്രിക്കറ്റിന്‍റെ ഭാവിയെന്നും ആലോചിക്കണം. അതനുസരിച്ച് വേണം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ തമീം ഒറ്റുകാരനാണെന്നും രാജ്യദ്രോഹിയാണെന്നും ആരോപിച്ച് ബംഗ്ലദേശില്‍ താരത്തിന് നേരെ വന്‍ സൈബര്‍ ആക്രമണവും ഉണ്ടായി.