**EDS: FILE IMAGE** New Delhi: Bangladesh's cricketer Mustafizur Rahman who was bought by IPL franchise Kolkata Knight Riders (KKR) for the 2026 season, is seen is this Oct. 8, 2024 file image, during a practice session before a T20 cricket match against India, in New Delhi. Hindu spiritual leader Jagadguru Rambhadracharya has slammed Bollywood superstar Shah Rukh Khan over KKR signing Rahman amid atrocities on Hindus in the neighbouring country. (PTI Photo/Ravi Choudhary)(PTI01_02_2026_000147B)

ഇന്ത്യയും ബംഗ്ലദേശുമായുള്ള നയതന്ത്ര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലദേശിന്‍റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ അടുത്ത സീസണില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ച് ബിസിസിഐ. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബിസിസിഐ നിര്‍ദേശം നല്‍കി. ബിസിസിഐ സെക്രട്ടറി ദേവജിത്ത് സാക്കിയയാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളില്‍ ഇന്ത്യയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത് തടയാന്‍ ബംഗ്ലദേശ് സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുമ്പോള്‍ അവരുടെ താരങ്ങളെ ഐപിഎലില്‍ ഉള്‍പ്പെടുത്തുന്നതെന്തിനെന്ന ചോദ്യമാണ് ബിജെപി നേതാക്കളും ഹിന്ദു സംഘടനകളും ഉയര്‍ത്തിയത്. മുസ്തഫിസുറിനെ ലേലത്തിലെടുത്തതിനെതിരെ കെകെആര്‍ സഹ ഉടമയായ ഷാറൂഖ് ഖാനെതിരെയും സൈബര്‍ ആക്രമണവും രൂക്ഷവിമര്‍ശനവും ഉണ്ടായി. ബംഗ്ലദേശി പൗരനെ ഐപിഎലില്‍ എടുത്ത ഷാറൂഖ് ഒറ്റുകാരനും ദേശദ്രോഹിയുമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമര്‍ശനം. അതേസമയം, ഷാറൂഖിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെ ഉചിതമായ നടപടി ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നായിരുന്നു മുന്‍ താരമായ മുഹമ്മദ് കൈഫിന്‍റെപ്രതികരണം. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യയും ബംഗ്ലദേശുമായി 2025 ല്‍ നടക്കേണ്ടിയിരുന്ന പരമ്പര ബിസിസിഐ മാറ്റിവച്ചിരുന്നു. മാര്‍ച്ചിലാണ് ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കുക. 

2016ലാണ് മുസ്തഫിസുര്‍ ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചത്. സണ്‍റൈസേഴ്സ് കിരീടം നേടിയപ്പോള്‍ ടീമിലംഗമായിരുന്നു. രണ്ട് സീസണുകള്‍ക്ക് ശേഷം മുംബൈയിലേക്ക് താരം ചേക്കേറി. 2021 ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി. പിന്നീട് ഡല്‍ഹി കാപ്പിറ്റല്‍സിലേക്കും. 2024ല്‍ മുസ്തഫിസുറിനെ ചെന്നൈ സ്വന്തമാക്കി. പക്ഷേ പ്ലേ ഓഫില്‍ പോലും കടക്കാനാവാതിരുന്നതോടെ മുസ്തഫിസുറിനെ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. ഓസീസ് ബാറ്റര്‍ ജേക്ക് ഫ്രേസറിന് പരുക്കേറ്റതോടെ ഡല്‍ഹി കാപ്പിറ്റല്‍സ് താരത്തെ ഇന്‍ജുറി റീപ്ലെയ്സ്മെന്‍റാക്കി. തുടര്‍ന്നാണ് കഴിഞ്ഞ മാസം നടന്ന മിനിലേലത്തില്‍ മുസ്തഫിസുര്‍ എത്തിയത്. മുസ്തഫിസുര്‍, റിഷാദ് ഹുസൈന്‍, താസ്കിന്‍ അഹ്മദ്, തന്‍സീം ഹസന്‍ സാക്കിബ്, നാഹിദ് റാണ, ഷൊരിഫുള്‍ ഇസ്​ലം, റാക്കിബുള്‍ ഹസന്‍ എന്നിവരാണ് ഐപിഎല്‍ മിനിലേലത്തിന് ഇക്കുറി ഉണ്ടായിരുന്ന ബംഗ്ലദേശി താരങ്ങള്‍. ഇവരില്‍ മുസ്തഫിസുര്‍ മാത്രമാണ് ലേലത്തില്‍ പോയത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഐപിഎലിലെ ഏറ്റവും വിലയേറിയ ബംഗ്ലദേശ് താരവും മുസ്തഫിസുറായിരുന്നു. 126 രാജ്യാന്തര ട്വന്‍റി20 മല്‍സരങ്ങളില്‍ നിന്നായി 158 വിക്കറ്റുകള്‍ മുസ്തഫിസുര്‍ നേടിയിട്ടുണ്ട്. ഐപിഎലില്‍ 60 മല്‍സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകളാണ് താരത്തിന്‍റെ നേട്ടം. റൺസ് വിട്ടുനൽകാനുള്ള പിശുക്കിനൊപ്പം വിക്കറ്റെടുക്കാനുള്ള മിടുക്കുമാണ് മുസ്തഫിസുറിനെ ഫ്രാഞ്ചൈസികളുടെ പ്രിയപ്പെട്ടവനാക്കുന്നത്.  വിനാശകാരികളായ ഓഫ് കട്ടറുകളും യോർക്കറുകളും ബാറ്റ്‌സ്മാനെ പറ്റിക്കുന്ന സ്ലോ ബോളുകളുമായി മുസ്തഫിസുർ വിക്കറ്റിനടുത്തേക്ക് ഓടിയടുക്കുന്നത് ആരാധകരും ആസ്വദിച്ചു.

ENGLISH SUMMARY:

In a major move following diplomatic tensions between India and Bangladesh, the BCCI has asked Kolkata Knight Riders to drop Bangladeshi pacer Mustafizur Rahman from the 2026 IPL season. Mustafizur, who was bought for ₹9.20 crore, is the only Bangladeshi player picked in the recent mini-auction. The decision follows protests over the safety of minorities in Bangladesh and political pressure regarding the inclusion of Bangladeshi players in the IPL