പ്രതീക്ഷ തെറ്റിച്ചില്ല, ഐപിഎല്‍ മിനി ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം വിളി പ്രതീക്ഷിച്ചിരുന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 25.20 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രണ്ടു കോടിയില്‍ തുടങ്ങിയ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും മറികടന്നാണ് കൊല്‍ക്കത്ത കാമറൂണ്‍ ഗ്രീനിനെ ടീമിലെത്തിച്ചത്.
രണ്ടു കോടിയില്‍ മുംബൈ ഇന്ത്യന്‍സാണ് ആദ്യം കാമറൂണിനായി രംഗത്തെത്തിയത്. 2.40 കോടി വരെ മുംബൈ തുടര്‍ന്നു. 13.40 കോടി രൂപ വരെ രാജസ്ഥാന്‍ റോയല്‍സ് ലേലം വിളിച്ചെങ്കിലും കൊല്‍ക്കത്തയുടെ പണക്കൊഴുപ്പിന് മുന്നില്‍ ലേലം വിട്ടു. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ശക്തമായ ലേല പോരാട്ടത്തിലാണ് ഓസീസ് താരത്തിന് 25.20 കോടി ലഭിച്ചത്. 25 കോടിയില്‍ ചെന്നൈ ഫ്രാഞ്ചൈസി ലേലം വിട്ടതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 25.20 കോടിക്ക് താരത്തെ സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന വിദേശ താരമായി മാറി. 2024 ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിച്ച 24.75 കോടി രൂപയാണ് മറികടന്നത്.
2023-ൽ മുംബൈ ഇന്ത്യൻസിനും 2024-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കളിച്ച 26 കാരന്‍ 2025 സീസണില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഐപിഎല്‍ കളിച്ചിരുന്നില്ല. നിലവിലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയയുടെ ഫുൾ ഓൾറൗണ്ടറായി ഗ്രീന്‍ കളിക്കുന്നുണ്ട്. 2023 ഐപിഎല്ലിന് മുന്‍പായി 17.5 കോടി രൂപയാക്കാണ് മുംബൈ ഗ്രീനിനെ വിളിച്ചെടുത്തത്. ഈ സീസണില്‍ ഹൈദരാബാദിനെതിരെ താരം സെഞ്ചറി നേടിയിരുന്നു. ഇതുവരെ 29 ഐപിഎല്‍ മത്സരം കളിച്ച താരം 707 റണ്‍സാണ് നേടിയത്. 2023 ല്‍ 452 റണ്‍സും 2024 ല്‍ 255 റണ്‍സും നേടിയിട്ടുണ്ട്.