ഡിസംബർ 16ന് അബുദാബിയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ 240 ഇന്ത്യക്കാർ ഉൾപ്പെടെ 350 താരങ്ങൾ അണിനിരക്കും. വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്കാണ് പട്ടികയിലെ സര്‍പ്രൈസ്. അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തും ലേലപ്പട്ടികയിലുണ്ട്. 2 കോടി രൂപയാണ് സ്മിത്തിന്റെ അടിസ്ഥാന വില. 2021ലാണ് സ്മിത്ത് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. താരലേലത്തിനായി ആകെ 1,390 കളിക്കാരാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽനിന്നാണ് 350 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. 10 ടീമുകളിലായി ആകെ 77 ഒഴിവുകളാണുള്ളത്. ഇതിൽ 31 എണ്ണം വിദേശ താരങ്ങൾക്കുള്ളതാണ്. മൂന്നു തവണ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 64.3 കോടി രൂപയുമായി ലേലത്തിനെത്തുമ്പോൾ, അഞ്ച് തവണ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് 43.4 കോടി രൂപയുണ്ട്. ഒരു തവണ കിരീടം നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദാണ് 25.5 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത്.
രണ്ടാം വരവിന് പൃഥ്വിയും സര്‍ഫറാസും
ലേലത്തിലെ ആദ്യ സെറ്റിൽ ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരുണ്ട്. 75 ലക്ഷം രൂപയാണ് ഇരുവരുടെയും അടിസ്ഥാന വില. 2018 മുതൽ 2024 വരെ ഐപിഎല്ലിൽ സ്ഥിരമായി കളിച്ചിരുന്നെങ്കിലും കഴിഞ്ഞ ലേലത്തിൽ ഷായെ ആരും വാങ്ങിയിരുന്നില്ല. സർഫറാസ് ഖാൻ 2021നു ശേഷം ഐപിഎല്ലിൽ കളിച്ചിട്ടില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ വെങ്കടേഷ് അയ്യരും 2 കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിനെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കൂടുതൽ റൺസ് നേടിയവരിൽ മുൻനിരയിലുള്ള കുനാൽ ചന്ദേല, വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള അശോക് കുമാർ തുടങ്ങിയ ആഭ്യന്തര താരങ്ങളും അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നോട്ടപ്പുള്ളിയായി കാമറൂണ്‍ ഗ്രീന്‍
ഓസ്ട്രേലിയൻ താരങ്ങളായ കാമറൺ ഗ്രീൻ, ജെയ്ക് ഫ്രേസർ-മക്ഗർക്ക്, ജോഷ് ഇംഗ്ലിസ്, കൂപ്പര്‍ കോണെിലി എന്നിവരും ലേലപ്പട്ടികയിലുണ്ട്. ഓള്‍ റൗണ്ടര്‍ ഗ്രീനാണ് ഫ്രാഞ്ചൈസികളുടെ പ്രിയതാരം. വിക്കറ്റ് കീപ്പർ ബാറ്റർ ജേമി സ്മിത്ത്, പേസർ ഗസ് അറ്റ്കിൻസൻ, ലിയാം ലിവിങ്സ്റ്റൻ, ടെസ്റ്റ് ഓപ്പണർ ബെൻ ഡക്കറ്റ് എന്നിവരുൾപ്പെടെ 21 ഇംഗ്ലിഷ് താരങ്ങൾ പട്ടികയിലുണ്ട്. ഡി കോക്ക്, മില്ലർ എന്നിവരുൾപ്പെടെ 15 ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലേലത്തിനുണ്ട്. പേസർമാരായ ആൻറിച്ച് നോർക്യ, ലുങ്കി എൻഗിഡി, ജെറാൾഡ് കോട്സി, ഓൾറൗണ്ടർ വിയാൻ മൾഡർ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. പേസർമാരായ അൽസാരി ജോസഫ്, ഷമാർ ജോസഫ്, അകീം അഗസ്റ്റെ, ഷായ് ഹോപ്, റോസ്റ്റൺ ചേസ് എന്നിവർ ഉൾപ്പെടെ വെസ്റ്റിൻഡീസിൽ നിന്ന് ഒൻപത് താരങ്ങളും ലേലത്തിനെത്തുന്നു.
ശ്രീലങ്കൻ സ്പിന്നർമാരായ വനിന്ദു ഹസരംഗ, വെല്ലാലഗെ, മഹീഷ് തീക്ഷണ, ട്രവീൺ മാത്യു എന്നിവർക്കൊപ്പം പതും നിസ്സങ്ക, കുശാൽ മെൻഡിസ്, കുശാൽ പെരേര തുടങ്ങി 12 താരങ്ങൾ ലേലപ്പട്ടികയിലുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് ഒഴിവാക്കിയ ഡിവോൺ കോൺവെ, രചിൻ രവീന്ദ്ര എന്നിവരടക്കം 16 ന്യൂസീലൻഡ് താരങ്ങളും ലേലത്തിനെത്തും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 10 താരങ്ങളുടെ പട്ടികയിൽ റഹ്‌മാനുല്ല ഗുർബാസും നവീൻ ഉൾ ഹഖും ഇടംപിടിച്ചിട്ടുണ്ട്.