Chennai super kings X
സഞ്ജു സാംസണെ ഔദ്യോഗികമായി സ്വാഗതം ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. രവിന്ദ്ര ജഡേജയും സാംകറനും റോയല്‍സില്‍.
അടുത്ത ഐപിഎൽ സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിൽ എത്തും. സഞ്ജുവിനെ ചെന്നൈ ടീമിനു കൈമാറാൻ രാജസ്ഥാൻ റോയൽസ് സമ്മതം അറിയിച്ചു. പകരം, ചെന്നൈ താരം രവീന്ദ്ര ജഡേജ രാജസ്ഥാനിൽ എത്തും. താരക്കൈമാറ്റത്തിൽ ടീമുകൾ തമ്മിൽ ധാരണയിലെത്തി.
ചെന്നൈ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലാകും സഞ്ജു കളിക്കുകയെന്നാണ് വിവരം. ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിന് കൈമാറില്ല. കഴിഞ്ഞ സീസണിൽ ഋതുരാജ് ഗെയ്ക്‌വാദിൽ നിന്ന് ക്യാപ്റ്റൻസി ഏറ്റെടുത്ത എം.എസ്.ധോണി ഇത്തവണയും ടീമിനെ നയിക്കും. 2012ൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ ‘അരങ്ങേറ്റം’ കുറിച്ച സഞ്ജു തൊട്ടടുത്ത വർഷമാണ് രാജസ്ഥാൻ റോയൽസിൽ എത്തിയത്. പിന്നീട് 2 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന സഞ്ജു, 2018ൽ വീണ്ടും രാജസ്ഥാനിലെത്തി. 2021ൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സഞ്ജുവിനെ കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ നിലനിർത്തിയത്.
മറുവശത്ത്, ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാൻ റോയൽസിലേക്കു പോകാൻ സമ്മതം അറിയിച്ചത്. രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നു ജഡേജ ഐപിഎൽ കരിയർ ആരംഭിച്ചത്.