ബിഹാറില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി എന്‍.ഡി.എ. എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെ വസതിയില്‍ എത്തി അഭിനന്ദിച്ചു. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരും എന്നാണ് സൂചന. മുഖ്യമന്ത്രി പദം ബി.ജെ.പിയുമായി പങ്കുവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
Also Read: 25 വര്‍ഷത്തിനിടെ പത്താംവട്ടം മുഖ്യമന്ത്രി; നിതീഷ് കുമാര്‍ എന്ന മാന്ത്രികന്‍
നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ജെ.ഡി.യു നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ബി.ജെ.പി ദേശീയ നേതൃത്വം ഇതുവരെ മനസുതുറന്നിട്ടില്ല. നിതീഷിന്‍റെ വ്യക്തിപ്രഭാവത്തിനൊപ്പം പ്രധാനമന്ത്രി പ്രചാരണത്തില്‍ നിറഞ്ഞുനിന്നതും കേന്ദ്ര പദ്ധതികള്‍ വാരിക്കോരി നല്‍കിയതും വിജയത്തില്‍ നിര്‍ണായകമായി എന്നാണ് ബി.ജെ.പി നിലപാട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദം ഉന്നയിക്കുകയോ മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തേക്കാം. എന്നാല്‍ ഘടകക്ഷികളുടെ പൂര്‍ണ പിന്തുണ നിതീഷിനാണ്. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ഇത്രയും വലിയ വിജയം നേടിയതെന്ന് നേരില്‍ക്കണ്ട് അഭിനന്ദനം അറിയിച്ച ശേഷം ചിരാഗ് പാസ്വാന്‍ പറഞ്ഞു.
നിതീഷ് മുഖ്യമന്ത്രിയാവുമെന്ന് എച്ച്.എ.എം നേതാവ് ചിതന്‍ റാം മാഞ്ചിയും ഇന്നലെ പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം വീതം വയ്ക്കുന്നതിലും ഘടകക്ഷികള്‍ വിലപേശാന്‍ സാധ്യതയുണ്ട്. ബി.ജെ.പിയുമായി നാലു സീറ്റിന്‍റെ മാത്രം അന്തരം ഉള്ളതിനാല്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനം ജെ.ഡി.യു ആവശ്യപ്പെട്ടേക്കാം. 19 സീറ്റുള്ള ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രി പദം ചോദിക്കാനും സാധ്യതയുണ്ട്. അഞ്ചു സീറ്റ് നേടിയ എച്ച്.എ.എം രണ്ടുമന്ത്രിപദമെങ്കിലും ആവശ്യപ്പെട്ടേക്കാം. വകുപ്പുകളിലും കടുംപിടുത്തമുണ്ടാകും. നിലവിലെ സീറ്റ് നില അനുസരിച്ച് ജെ.ഡി.യുവിന് പഴയതുപോലെ കൂറുമാറ്റം നടത്തി ഭരണം നേടാനാവില്ല എന്നതിനാല്‍ വലിയ വിട്ടുവീഴ്ചയ്ക്ക് ബി.ജെ.പി തയാറാവില്ല. വൈകാതെ മുന്നണിയോഗം മന്ത്രിസഭാ രൂപീകരണം വിശദമായി ചര്‍ച്ചചെയ്യും.